ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുമ്പോഴും, ഇന്ത്യൻ ആരാധകർക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്.ജൂണ്‍ 12 മുതല്‍ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ ഏത് ചാനലിലാണ് കാണാൻ സാധിക്കുക എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല. ടൂർണമെന്റ് ആരംഭിക്കാൻ മൂന്ന് ആഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ഈ അനിശ്ചിതത്വം തുടരുന്നത്.
ഇതിനിടെ ലോകകപ്പിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സർക്കാർ പൊതുസംപ്രേക്ഷകരായ പ്രസാർ ഭാരതി ഡല്‍ഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇന്ത്യയില്‍ ലോകകപ്പ് സംപ്രേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് പ്രസാർ ഭാരതി ഈ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ഫുട്ബോളിന് വലിയ വിപണിയുണ്ടെങ്കിലും മത്സരങ്ങളുടെ സമയക്രമമാണ് ഇന്ത്യൻ ചാനലുകളെ പിന്നോട്ട് വലിപ്പിക്കുന്നത്. ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രിയിലോ പുലർച്ചെയോ ആണ് സംപ്രേഷണം ചെയ്യുക. ആകെയുള്ള 104 മത്സരങ്ങളില്‍ 14 എണ്ണം മാത്രമാണ് ഇന്ത്യൻ ആരാധകർക്ക് അർദ്ധരാത്രിക്ക് മുൻപായി കാണാൻ സാധിക്കുന്നത്. കൂടാതെ, ഫിഫ ആവശ്യപ്പെടുന്ന ഭീമമായ തുകയും ഇന്ത്യൻ മാധ്യമങ്ങളെ പിന്മാറാൻ പ്രേരിപ്പിക്കുന്നു.
കഴിഞ്ഞ 2022 ലോകകപ്പില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 74.5 കോടിയിലധികം ആളുകളാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ മത്സരങ്ങള്‍ കണ്ടത്. സംപ്രേഷണാവകാശം സംബന്ധിച്ച് ഫിഫയുമായി ചർച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും ഈ ഘട്ടത്തില്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് ഫിഫയുടെ നിലപാട്. എന്നാല്‍ കളി കാണാൻ ഔദ്യോഗിക സംവിധാനങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്.
ഇന്ത്യയില്‍ ക്രിക്കറ്റിന് ലഭിക്കുന്ന അത്രയും വലിയ പരസ്യ വരുമാനം അർധരാത്രിയില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പ്രമുഖ സ്പോർട്സ് നെറ്റ്‌വർക്കുകള്‍ വലിയ തുക മുടക്കാൻ മടിക്കുന്നത്.





