കുടുംബത്തിന് എതിരേ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജോത്സ്യനെതിരേ കേസെടുത്തു. ചന്നമനക്കരെയില്‍ നടന്ന സംഭവത്തില്‍ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്.ബ്യൂട്ടീഷ്യനായ 34-കാരിയാണ് പരാതി നല്‍കിയത്. യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയില്‍ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തി പരിചയപ്പെട്ട മോഹൻ കുമാർ പിന്നീട് കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു.
ബിസിനസില്‍ വളർച്ചയുണ്ടാക്കാൻ പൂജകള്‍ ചെയ്യാമെന്ന് പറഞ്ഞാണ് മോഹൻകുമാർ യുവതിയുമായി അടുത്തത്.പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ചടങ്ങിന്റെ ഭാഗമെന്ന പേരില്‍ ഇവരുടെ ഭർത്താവിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു.ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കണമെന്നായിരുന്നു അവരോട് നിർദേശിച്ചത്.വീട്ടില്‍ തനിച്ചായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
ഇതിനെ എതിർത്തപ്പോള്‍ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. മാനസികപ്രശ്‌നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് പുറത്ത് പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയതത്. ഒളിവില്‍ പോയ മോഹൻ കുമാറിനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.











