തുർക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ച്‌ അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോലയെ ഇന്ത്യയില്‍ എത്തിച്ചു.വിവിധ എജൻസികള്‍ ഒത്തൊരുമിച്ച്‌ നടത്തിയ അന്താരാഷ്‌ട്ര ഓപ്പറേഷനിലൂടെയാണ് കൊടും കുറ്റവാളിയെ ഇന്ത്യയില്‍ എത്തിക്കാൻ സാധിച്ചത്.

ഇന്ത്യയ്‌ക്ക് തുർക്കിയുമായി നേരിട്ട് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ഇല്ലാത്തതിനാല്‍, യുഎഇയുമായി സഹകരിച്ചാണ് കൈമാറ്റം സാധ്യമാക്കിയത്. 2025-ല്‍ ഡോലയുടെ മകൻ താഹെർ ഡോലെയയും ഇതേ മാർഗം ഇന്ത്യയില്‍ എത്തിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി-കമ്പനിയുടെ’ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണ ശൃംഖലയിലെ പ്രധാനിയാണ് ഡോല. 2024-ലെ മഹാരാഷ്‌ട്ര സാംഗ്ലി മയക്കുമരുന്ന് വേട്ടയിലും ഡോല പ്രധാന പ്രതിയാണ്. സാംഗ്ലിയില്‍ നടന്ന ലഹരിവേട്ടയില്‍ 120 കിലോയിലധികം എംഡിഎംഎയും 253 കോടി രൂപ വിലമതിക്കുന്ന ലബോറട്ടറി ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

ഇന്ന് പുലർച്ചെ പ്രത്യേക വിമാനത്തിലാണ് ഡോലയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. ഡല്‍ഹിയിലെ വിമാനത്താവളത്തിലെ ടെക്കനിക്കല്‍ ഏരിയയില്‍ വച്ച്‌ കസ്റ്റഡിയിലെടുത്ത ഡോലയെ ഇന്റലിജൻസ് ഏജൻസികള്‍ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം, കൂടുതല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി ഡോലയെയെ മുംബൈ പോലീസിന് കൈമാറും.

ആഗോള ലഹരി മാഫിയയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനറെ സുപ്രധാന നാഴികക്കല്ലാണ് സലിം ഡോലയുടെ അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം ഒരു ഡസനിലധികം കേസുകള്‍ ഡോലയ്‌ക്കെെതിരെ ചുമത്തിയിട്ടുണ്ട്.

ആദ്യകാലത്ത് ദാവൂദ് സംഘത്തിനൊപ്പം ഇയാള്‍ മുംബൈയിലായിരുന്നു. പിന്നീടാണ് ദുബായിലേക്ക് പ്രവർത്തനം മാറ്റിയത്. ഡി-കമ്പനിയുടെ ആഗോള സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരത്തിന്റെ നല്ലൊരു പങ്ക് സലിം ഡോല നിയന്ത്രിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. ഒന്നിലധികം രാജ്യങ്ങളില്‍ ഇയാളുടെ കീഴിലുള്ള മാഫിയ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നഗരങ്ങളിലും ഇയാളുടെ ലഹരി ശൃംഖല വ്യാപിച്ചിട്ടുണ്ട്.

നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) നേരത്തെ ഡോലയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം കൈമാറുന്നവ‍ർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷം മുംബൈ പോലീസ് ഡോലയുടെ അടുത്ത സഹായികളെ അറസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങളെ പോലും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്കുള്ള ലഹരി കടത്ത്, കള്ളപ്പണ ഇടപാട് അടക്കമുള്ള നി‍ർണ്ണായക വിവരങ്ങള്‍ സലിം ഡോലയില്‍ നിന്നും ലഭിക്കുമെന്നാണ് ഏജൻസികളുടെ കണക്കുകൂട്ടല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക