പ്രമുഖ കണ്ണട വിതരണക്കാരായ ലെൻസ്‌കാർട്ടിന്റെ ജീവനക്കാർക്കുള്ള ഗ്രൂമിംഗ് ഗൈഡുമായി ബന്ധപ്പെട്ട് കടുത്ത മതവിവേചന ആരോപണങ്ങളാണ് ഉയരുന്നത്.സ്റ്റോർ ജീവനക്കാർക്ക് കറുത്ത നിറത്തിലുള്ള ഹിജാബും തലപ്പാവുകളും ധരിക്കാൻ അനുവാദമുണ്ടെന്ന് പറയുന്ന കമ്പനിയുടെ ‘ ലെൻസ്‌കാർട്ട് സ്റ്റാഫ് യൂണിഫോം ആൻഡ് ഗ്രൂമിംഗ് ഗൈഡ്’ പ്രകാരം ബിന്ദി, തിലകം എന്നിവയ്ക്ക് കർശന വിലക്കുണ്ടെന്നാണ് ആരോപണം.

വിവാദത്തിന് കാരണമായ നിർദ്ദേശങ്ങള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന രേഖകള്‍ പ്രകാരം ലെൻസ്‌കാർട്ട് ജീവനക്കാർക്ക് ഹിജാബ് ധരിക്കാം, എന്നാല്‍ മതപരമായ തിലകങ്ങളോ പൊട്ടുകളോ പാടില്ല. ‘മതപരമായ തിലകം/ടിക്ക, ബിന്ദി എന്നിവ അനുവദനീയമല്ല’ എന്നാണ് ഈ ഗൈഡില്‍ പറയുന്നത്. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ചിഹ്നങ്ങളെ മാത്രം വിലക്കുകയും ഹിജാബിനെ അനുവദിക്കുകയും ചെയ്യുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി #BoycottLenskart പോലുള്ള ഹാഷ്‌ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

പിയൂഷ് ബൻസാലിന്റെ വിശദീകരണം

പ്രതിഷേധം ശക്തമായതോടെ ലെൻസ്‌കാർട്ട് സ്ഥാപകൻ പിയൂഷ് ബൻസാല്‍ എക്സിലൂടെ വിശദീകരണവുമായി എത്തി. പ്രചരിക്കുന്ന രേഖകള്‍ പഴയതാണെന്നും അത് കമ്പനിയുടെ നിലവിലെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ലെൻസ്‌കാർട്ടിനെക്കുറിച്ച്‌ തെറ്റായ ഒരു പോളിസി രേഖ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ രേഖ ഞങ്ങളുടെ നിലവിലെ മാർഗനിർദ്ദേശങ്ങളല്ല എന്ന് ഞാൻ നേരിട്ട് വ്യക്തമാക്കുന്നു. ബിന്ദിയും തിലകവും ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള മതപരമായ ആവിഷ്കാരങ്ങള്‍ക്ക് ഞങ്ങളുടെ പോളിസിയില്‍ നിയന്ത്രണങ്ങളില്ല. പഴയ പതിപ്പുകള്‍ ഞങ്ങള്‍ ഇന്ന് ആരാണെന്ന് പ്രതിനിധീകരിക്കുന്നില്ല. ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു,’ ബൻസാല്‍ കുറിച്ചു.

പിന്നീട് നല്‍കിയ മറ്റൊരു വിശദീകരണത്തില്‍, ഈ രേഖ ഫെബ്രുവരി 17-ന് തന്നെ കണ്ടെത്തി നീക്കം ചെയ്ത ഒരു പഴയ ഇന്റേണല്‍ ട്രെയിനിംഗ് നോട്ടാണെന്നും ഇതൊരു എച്ച്‌.ആർ പോളിസി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം തുടരുന്നു

ബൻസാലിന്റെ വിശദീകരണം വന്നെങ്കിലും പലരും അത് തള്ളിക്കളഞ്ഞു. പ്രചരിക്കുന്ന രേഖ 2026 ഫെബ്രുവരിയിലേതാണെന്നും, കമ്പനി കള്ളം പറയുകയാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിക്കുന്നു. ഷെഫാലി വൈദ്യ ഉള്‍പ്പെടെയുള്ളവർ ഈ രേഖ ഫെബ്രുവരി 2026-ലേതാണെന്ന് ചൂണ്ടിക്കാട്ടി ബൻസാലിനെതിരെ രംഗത്തെത്തി. നിലവിലെ മാർഗനിർദ്ദേശങ്ങള്‍ പൊതുവായി പ്രസിദ്ധീകരിക്കാൻ കമ്പനി തയ്യാറാണോ എന്നും അവർ ചോദിക്കുന്നു.

ഇന്ത്യയിലെ ആയിരക്കണക്കിന് സ്റ്റോർ ജീവനക്കാർ തങ്ങളുടെ വിശ്വാസങ്ങള്‍ അഭിമാനപൂർവ്വം മുറുകെപ്പിടിക്കുന്നുണ്ടെന്നും അതില്‍ കമ്പനിക്ക് അഭിമാനമേയുള്ളൂവെന്നും പിയൂഷ് ബൻസാല്‍ വ്യക്തമാക്കിയെങ്കിലും വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക