ലോകരാജ്യങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട്, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇറാൻ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി തുറന്നുകൊടുത്തു.വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മില്‍ വെടിനിർത്തല്‍ കരാറിലെത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇറാൻ്റെ ഭാഗത്തുനിന്നും ഈ സുപ്രധാന നീക്കമുണ്ടായത്.
വെടിനിർത്തല്‍ നിലനില്‍ക്കുന്ന ബാക്കി സമയത്തേക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കും ഹോർമുസ് ഇടുക്കിലൂടെയുള്ള യാത്ര പൂർണ്ണമായും അനുവദിക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പ്രഖ്യാപിച്ചു. ഇറാൻ്റെ പോർട്ട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള റൂട്ടിലൂടെയാകണം കപ്പലുകള്‍ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ്റെ ഈ തീരുമാനത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ഹോർമുസ് ഇടുക്ക് ബിസിനസിനായി പൂർണ്ണമായും തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം ഇറാനോട് നന്ദി രേഖപ്പെടുത്തി. എങ്കിലും, ഇറാനുമായുള്ള ഇടപാടുകള്‍ നൂറു ശതമാനം പൂർത്തിയാകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മാർച്ചില്‍ യുഎസും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ‘സൗഹൃദപരമല്ലാത്ത രാജ്യങ്ങളുടെ’ കപ്പലുകള്‍ക്ക് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേത്തുടർന്ന് ലോകമെമ്പാടും ഊർജ്ജ പ്രതിസന്ധിയും എണ്ണവില വർധനവും ഉണ്ടായിരുന്നു. ഇന്ത്യയിലും എല്‍പിജി വിതരണത്തില്‍ ഈ സമയത്ത് ചെറിയ തോതില്‍ പ്രതിസന്ധി നേരിട്ടിരുന്നു. ഹോർമുസ് ഇടുക്ക് വീണ്ടും തുറന്നതോടെ ആഗോള എണ്ണ വിപണിയിലും വ്യാപാര മേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.





