കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ എം ലിജു. തെരഞ്ഞെടുപ്പില്‍ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികള്‍ പറയുമ്പോള്‍ ഹൃദയം നുറുങ്ങാറുണ്ടെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും ക്ഷോഭിക്കാറുമില്ലെന്നും എം ലിജു പറഞ്ഞു.പരാജയങ്ങള്‍ നല്‍കിയ പാഠം കുടുതല്‍ മെച്ചപ്പെടാനുണ്ട് എന്നതാണ്.
തോല്‍വികള്‍ക്ക് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ലിജു വേദിയില്‍ പറഞ്ഞു. വികാരാധീതനായാണ് ലിജു സംസാരിച്ചത്.ഇതു തൻ്റെ നാലാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. മൂന്ന് തവണയും പരാജയപ്പെട്ടു. ജനങ്ങളെ സേവിക്കാൻ ഒരവസരം നല്‍കണമെന്ന് അഭ്യർഥിക്കുകയാണെന്നും ലിജു പറഞ്ഞു.
വിഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അംഗീകരിച്ചു
പ്രതിപക്ഷ നേതാവ് വിഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രികയില്‍ യഥാർത്ഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങള്‍ മറച്ചുവെച്ചെന്നും ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതികള്‍ വരണാധികാരി തള്ളുകയായിരുന്നു. സതീശൻ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്.
സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എല്‍ ഡി എഫ് സ്ഥാനാർത്ഥി ടൈസണ്‍ മാസ്റ്ററാണ് പരാതി നല്‍കിയത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയില്‍ കൃത്യമായി രേഖപ്പെടുത്തിയില്ല. അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല. കൈവശമുള്ള സ്വർണ്ണത്തിന്റെ കൃത്യമായ വിപണി മൂല്യം വിശദമാക്കിയില്ല എന്നിവയായിരുന്നു അത്.
ആരോപണങ്ങള്‍ നിസ്സാരമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു യുഡിഎഫ് ക്യാമ്പിന്റെ ആദ്യ പ്രതികരണം. വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയില്‍ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പരാതികളില്‍ കഴമ്പില്ലെന്ന് കണ്ട് പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.











