സുന്നി ഐക്യത്തിനുള്ള കാന്തപുരം എ പി അബുബക്കർ മുസ്ല്യാരുടെ ആഹ്വാനത്തിന് വ്യാപക പിന്തുണ. കാന്തപുരത്തിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗും സമസ്ത ഇ.കെ. വിഭാഗവും രംഗത്തെത്തി. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നായിരുന്നു കാന്തപുരത്തിന്റെ പ്രഖ്യാപനം.സുന്നി ഐക്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായതില്‍ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഐക്യശ്രമങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി സംഘടനകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഭിന്നതകള്‍ മൂലം സമൂഹം ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുവിഭാഗവും ആവശ്യപ്പെട്ടാല്‍ ഐക്യചർച്ചകള്‍ക്ക് പാർട്ടിയും പാണക്കാട് കുടുംബവും മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.ഇ.കെ. വിഭാഗവും ഐക്യചർച്ചകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു. കാന്തപുരത്തിന്റെ പരാമർശത്തെ പിന്തുണച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മധ്യസ്ഥനെ ഇരുവിഭാഗവും ചേർന്ന് തീരുമാനിക്കാമെന്നു പറഞ്ഞു. സുന്നികള്‍ക്കിടയിലെ ഐക്യം കേരള മുസ്‌ലിം സമൂഹത്തിന്റെ ദീർഘകാല ആഗ്രഹമാണെന്നും സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ അഭിപ്രായപ്പെട്ടു. 2018-ല്‍ ആരംഭിച്ച ചർച്ചകള്‍ തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ഇ.കെ. വിഭാഗവും കാന്തപുരം നേതൃത്വം നല്‍കുന്ന സമസ്ത എ.പി. വിഭാഗവും തമ്മിലുള്ള ഐക്യമാണ് വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്. മതസംഘടനകളുടെ യോജിപ്പിനൊപ്പം വ്യത്യസ്ത രാഷ്ട്രീയ മുന്നണികളെ പിന്തുണക്കുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണമെന്ന രാഷ്ട്രീയപരമായ അർത്ഥവും ഈ നീക്കത്തിനുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത് യു.ഡി.എഫിന് രാഷ്ട്രീയമായി ഗുണകരമാകാമെന്ന വിലയിരുത്തലുകളും ഉയരുന്നു.
ലീഗ് ഉള്‍പ്പെടെ എല്ലാവരുമായും ഒന്നിച്ചുപോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കാന്തപുരത്തിന്റെ പ്രസ്താവനയെ തുടർന്നാണ് ചർച്ചകള്‍ക്ക് പുതിയ ഉണർവ് ലഭിച്ചത്. കാന്തപുരം വിഭാഗത്തിന്റെ കേരളയാത്രയില്‍ ലീഗ് നേതാക്കളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. തുടർന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ സംഘടന വിട്ടുപോയവർ തിരിച്ചെത്തണമെന്ന ആഹ്വാനം നടത്തി. അതിന് പിന്നാലെ കോട്ടയ്ക്കലില്‍ നടന്ന പരിപാടിയില്‍ സുന്നി ഐക്യം അനിവാര്യമാണെന്ന് കാന്തപുരം വീണ്ടും ആവർത്തിച്ചു.

















