ബിസിനസ്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കേന്ദ്രസർക്കാർ നിരവധി വായ്പാ പദ്ധതികള്‍ നല്‍കുന്നുണ്ട്.ഈ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്‌ക്കോ പലിശയില്ലാതെയോ ലോണ്‍ ലഭിക്കും. അത്തരം ചില പ്രധാന പദ്ധതികളെക്കുറിച്ച്‌ അറിയാം.

സ്വന്തമായി ബിസിനസ് തുടങ്ങാനോ, മക്കളെ പഠിപ്പിക്കാനോ, കൃഷിയിറക്കാനോ പണം വേണം. ഇതിനെല്ലാം ബാങ്കുകള്‍ ലോണ്‍ തരുമെങ്കിലും പലിശയോർത്ത് പലരും പിന്നോട്ട് പോകും. എന്നാല്‍ കേന്ദ്ര സർക്കാരിൻ്റെ ചില പദ്ധതികള്‍ വഴി കുറഞ്ഞ പലിശയിലോ പലിശയില്ലാതെയോ വായ്പ നേടാം. സമൂഹത്തിലെ പലതരം ആളുകളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഈ പദ്ധതികള്‍ സഹായിക്കും. അതിനാലാണ് സർക്കാർ ഈ സൗകര്യം ഒരുക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗരങ്ങളിലെ വഴിയോരക്കച്ചവടക്കാരെ സഹായിക്കാനാണ് പിഎം സ്വനിധി പദ്ധതി. ഈ പദ്ധതി പ്രകാരം ആദ്യം 10,000 രൂപ ലോണ്‍ ലഭിക്കും. ഇത് കൃത്യസമയത്ത് തിരിച്ചടച്ചാല്‍, അടുത്ത ഘട്ടത്തില്‍ 20,000 രൂപ മുതല്‍ 50,000 രൂപ വരെ വായ്പയെടുക്കാം. ഈ ലോണിന് 7% വരെ പലിശ സബ്സിഡി ലഭിക്കും. ഇങ്ങനെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കി സർക്കാർ ചെറുകിട കച്ചവടക്കാർക്ക് പിന്തുണ നല്‍കുന്നു.

പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരെയും കരകൗശല വിദഗ്ധരെയും സഹായിക്കാനുള്ള പദ്ധതിയാണ് പിഎം വിശ്വകർമ്മ യോജന. മരപ്പണിക്കാർ, സ്വർണ്ണപ്പണിക്കാർ തുടങ്ങി 18 തരം തൊഴിലുകളില്‍ ഏർപ്പെട്ടവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇവർക്ക് ലോണ്‍ എടുക്കാം. വിപണിയില്‍ പലിശ എത്രയായാലും ഗുണഭോക്താക്കള്‍ 5% മാത്രം നല്‍കിയാല്‍ മതി. ബാക്കി തുക സർക്കാർ സബ്സിഡിയായി നല്‍കും. ഇതിന് ഈടൊന്നും വേണ്ട. പരിശീലനത്തിനും ഉപകരണങ്ങള്‍ വാങ്ങാനും സർക്കാർ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

കർഷകർക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി. സാധാരണയായി ഇതിന് 9% ആണ് പലിശ. എന്നാല്‍ സർക്കാർ സബ്സിഡി കാരണം ഇത് 7% ആയി കുറയും. വായ്പ കൃത്യസമയത്ത് തിരിച്ചടച്ചാല്‍, പലിശയില്‍ 3% കൂടി ഇളവ് ലഭിക്കും. സംസ്ഥാന സർക്കാരുകളുടെ പ്രോത്സാഹനവും കൂടിയാകുമ്പോള്‍ ഇത് പലിശ രഹിത വായ്പയ്ക്ക് തുല്യമാകും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയില്‍ കേന്ദ്രസർക്കാർ പലിശ ഇളവ് നല്‍കുന്നുണ്ട്. പഠനകാലയളവിലെ വായ്പാ പലിശ സർക്കാർ വഹിക്കും. ഇതിനായി ജൻ സമർഥ് പോർട്ടല്‍ വഴി അപേക്ഷിക്കാം. ആധാർ, ബാങ്ക് അക്കൗണ്ട്, കോഴ്സ് സർട്ടിഫിക്കറ്റ് പോലെയുള്ള രേഖകള്‍ ആവശ്യമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ സബ്സിഡി റദ്ദാകുമെന്ന കാര്യം ഓർക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക