മാംസം കയറ്റുമതിയ്‌ക്ക് ഹലാല്‍ സർട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പുതിയ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി.വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് (ക്യു.സി.ഐ) സർട്ടിഫിക്കറ്റ് നല്‍കുന്നത്.

ഈ മാസം 16 മുതല്‍ ഈ നിബന്ധന ബാധകമാകും. പോത്ത്, കാള, ആട്, ചെമ്മരിയാട് എന്നിവയുടെ മാംസവും സംസ്കരിച്ച മാംസവും ഹലാല്‍ മുദ്രയോടെ കയറ്റുമതി ചെയ്യാൻ പുതിയ നിബന്ധന പാലിക്കണം. ഏജൻസികള്‍ മുഖേനയുള്ള അപേക്ഷകളും ക്യു.സി.ഐയില്‍ എത്തും. നിലവില്‍ ഹലാല്‍ സർട്ടിഫിക്കറ്റ് സ്വകാര്യ ഏജൻസികളാണ് നല്‍കുന്നത്. ചെന്നൈ ആസ്ഥാനമായ ഹലാല്‍ ഇന്ത്യ ലിമിറ്റഡ്, ഡല്‍ഹിയിലെ ജമീയത്ത് ഉലമ ഹലാല്‍ ട്രസ്റ്റ് എന്നിവയാണ് മുൻനിരക്കാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ അടക്കം 15 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇത് ആവശ്യമാണ്. ബംഗ്ലാദേശ്, ഇൻഡോനേഷ്യ, ഇറാൻ, ഇറാഖ്, മലേഷ്യ, ജോർദാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തുർക്കി എന്നീ രാജ്യങ്ങളിലേക്കും ഹലാല്‍ ഇറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് സർക്കാർ സർട്ടിഫിക്കേഷൻ അവശ്യമില്ല. സർട്ടിഫിക്കേഷൻ നടപടികള്‍ ഏകോപിപ്പിച്ച്‌ കയറ്റുമതി നടപടികള്‍ സുഗമമാക്കാനുമാണ് പുതിയ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക