യുപിയിലെ ഗോരഖ്‌പൂരില്‍ 35 വയസുകാരി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ 15 വയസ്സുള്ള അനന്തരവനൊപ്പം ഒളിച്ചോടി.നാണക്കേട് ഭയന്ന് വീട്ടുകാർ ആദ്യം വിവരം പുറത്തുപറയാതെ സ്വയം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത്. പത്ത് ദിവസത്തിന് ശേഷം പി പി ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് ഇരുവരെയും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. സ്റ്റേഷനില്‍ വെച്ച് ഏകദേശം ഒരു മണിക്കൂർ നീണ്ട ചർച്ചകള്‍ക്കും കൗണ്‍സിലിംഗിനും ശേഷം കുടുംബാംഗങ്ങള്‍ ഇവരെ അനുനയിപ്പിക്കുകയും ഇരുവരും വീട്ടിലേക്ക് മടങ്ങാൻ സമ്മതിക്കുകയും ചെയ്തു.
ഗോരഖ്‌പൂരിലെ പിപി ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശിന് പുറത്ത് ജോലി ചെയ്യുന്ന ഇളയച്ഛന്റെ ഭാര്യയോടൊപ്പമാണ് 15-കാരൻ ഒളിച്ചോടിയത്. മാതാപിതാക്കളും അമ്മായിയും അടങ്ങുന്ന ഒരു സംയുക്ത കുടുംബത്തിലാണ് ആണ്‍കുട്ടി താമസിച്ചിരുന്നത്. അമ്മായിയും അനന്തരവനും എന്ന ബന്ധമായതിനാല്‍ ഇവരുടെ അടുപ്പത്തില്‍ ആർക്കും സംശയം തോന്നിയിരുന്നില്ല.
ജനുവരി 26 ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബം തിരച്ചില്‍ ആരംഭിക്കുകയും പിന്നീട് പി പി ഗഞ്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ചയാണ് ഇരുവരെയും കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍, തനിക്ക് അമ്മായിയെ വിവാഹം കഴിക്കണമെന്നും അതിനുള്ള തയാറെടുപ്പിലായിരുന്നു തങ്ങളെന്നും ആണ്‍കുട്ടി പറഞ്ഞു. കുട്ടിയോടൊപ്പം ജീവിക്കാൻ താൻ തയാറാണെന്ന് യുവതിയും അറിയിച്ചു. എന്നാല്‍, കുടുംബാംഗങ്ങള്‍ ഇടപെട്ട് ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നിയമനടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. യുവതിയുടെ വീട്ടുകാരുടെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചർച്ചക്കൊടുവില്‍ ആണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാൻ സമ്മതിച്ചു.






