എല്ലാ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളോടും സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് ഉപയോഗിച്ച് എല്ലാ പുതിയ ഉപകരണങ്ങളും പ്രീലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്ത്യയിലെ ടെലികോം മന്ത്രാലയം. സഞ്ചാർ സാഥി ആപ്പ് ഫോണുകളില്‍ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാള്‍ ചെയ്യണമെന്നുമാണ് നിർദേശം. ഈ നീക്കം ആപ്പിളിനെയും സ്വകാര്യതാ വക്താക്കളെയും ആശങ്കപ്പെടുത്തിയേക്കാമെന്ന് റിപ്പോർട്ടുണ്ട്.ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യാനും കഴിയില്ല.
സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആണ് നീക്കം എന്നാണ് വിശദീകരണം. 90 ദിവസത്തിനകം നടപ്പാക്കാൻ ഫോണ് നിർമാതാക്കള്‍ക്ക് കേന്ദ്രം നിർദേശം നല്‍കി. ആപ്പിള്‍, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി എന്നീ കന്പനികള്‍ക്ക് നിർദ്ദേശം കിട്ടിയിട്ടുണ്ട്. കേന്ദ്ര നിര്‍ദേശം ആപ്പിള്‍ അംഗീകരിക്കുമോയെന്ന് സംശയമുണ്ട്. സ്വന്തം ആപ്പുകള്‍ മാത്രമേ ആപ്പിള്‍ ഫോണുകളില്‍ പ്രീൻ ഇൻസ്റ്റാള്‍ ചെയ്യാറുള്ളൂ. തേർഡ് പാർട്ടി ആപ്പുകളോ സർക്കാർ ആപ്പുകളോ ആപ്പിള്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാറില്ല. ഇത്തരം നിർദ്ദേശങ്ങള്‍ ആപ്പിള്‍ അംഗീകരിക്കാറില്ല.
അതേസമയം 3.7 ദശലക്ഷത്തിലധികം മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 30 ദശലക്ഷത്തിലധികം വ്യാജ കണക്ഷനുകള്‍ അവസാനിപ്പിക്കാനും ആപ്പ് സഹായിച്ചിട്ടുണ്ട്. ഇത് ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യുന്നതില്‍ പോലീസിനെ സഹായിക്കുകയും വ്യാജ ഫോണുകള്‍ വിപണിയില്‍ എത്തുന്നത് തടയുകയും ചെയ്യുന്നു. എന്നാല്‍ ആപ്പിള്‍, ഗൂഗിള്‍, സാംസങ്, ഷവോമി, ഇന്ത്യയുടെ ടെലികോം മന്ത്രാലയം എന്നിവ അഭിപ്രായത്തിനായുള്ള അഭ്യർത്ഥനകളോട് പ്രതികരിച്ചില്ല.

















