നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള(എഎഫ്‌എ) ചർച്ചയില്‍ ധാരണയായെന്ന് റിപ്പോർട്ടർ ടിവി ഉടമ കൂടിയായ സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ കളിക്കുന്നത് ഉടനെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം കുറിക്കുന്നു.
നവംബറില്‍ ടീം സ്പെയിനില്‍ പരിശീലനത്തിന് പോകും എന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്‌എ) വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്പോണ്‍സര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.നവംബറില്‍ അംഗോളയുമായാണ് സൗഹൃദ മത്സരം. ടൂറിലെ ഏക സൗഹൃദ മത്സരം അംഗോളയുമായാണെന്നും ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിരുന്നില്ല.നവംബർ 17ന് കേരളത്തില്‍ മത്സരം നടക്കുമെന്നാണ് സ്പോണ്‍സർമാരും സംസ്ഥാന സർക്കാരും മുമ്ബ് പ്രഖ്യാപിച്ചിരുന്നത്. അർജന്‍റീന കൊച്ചിയില്‍ വന്ന് ആസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം.

റിപ്പോർട്ടർ ടിവി ഉടമകളുടെ പ്രഖ്യാപനം വിശ്വസിച്ച് എടുത്തുചാടിയ സംസ്ഥാന സർക്കാരിനും സംഭവം വലിയ നാണക്കേട് ആവുകയാണ്. ആന്റോ അഗസ്റ്റിൻ നൽകിയ ഉറപ്പ് വിശ്വസിച്ച് വമ്പൻ പ്രഖ്യാപനങ്ങളാണ് കായിക മന്ത്രി അബ്ദുറഹ്മാൻ നടത്തിയത്. കാശില്ലാത്തവൻ കളി കാണണ്ട എന്ന് വരെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഒഴുകും എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിൻ നടത്തിയ അവകാശവാദം.
മുട്ടിൽ മരം മുറി കേസ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ വാക്ക് വിശ്വസിച്ചിറങ്ങിയതിനെതിരെ വരും ദിവസങ്ങളിൽ സിപിഎമ്മിലും ഇടതുമുന്നണിയിലും വിമർശനം ഉയരാൻ സാധ്യതയുണ്ട്. കളങ്കിത വ്യക്തിത്വങ്ങളുമായുള്ള സർക്കാരിൻറെ സഹകരണമാണ് വിവാദമാകുന്നത്. മുട്ടിൽ മരംമുറി കേസിലും, മറ്റ് വഞ്ചന കേസുകളിലും പ്രതികളായി ജയിൽവാസം അനുഷ്ഠിച്ചിട്ടുള്ളവരാണ് അഗസ്റ്റിൻ സഹോദരങ്ങൾ. ആപ്പിളിനെ തകർക്കാൻ ബാങ്ക് ഫോൺ ഇറക്കുന്നു എന്ന പേരിലും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

















