കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് അവധി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഇതുവരെയുള്ള അപ്‌ഡേറ്റുകള്‍ പ്രകാരം നാല് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ടുള്ള ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ മാത്രമല്ല ഇന്ന് അവധി. ഓറഞ്ച് അലര്‍ട്ടുള്ള പത്തനംതിട്ടയിലും ഒടുവില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴ ഇന്ന് പെയ്‌തേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിവിധ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
മറ്റ് ജില്ലകളിലെ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളില്‍ അവധി അപേക്ഷ നിറയുകയാണ്.ഓറഞ്ച് അലര്‍ട്ടുള്ള ആലപ്പുഴം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ കളക്ടര്‍മാരുടെ ഔദ്യോഗിക പേജുകളിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവധി ആവശ്യപ്പെടുന്നത്. ഓറഞ്ച് അലര്‍ട്ടുള്ള പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആവശ്യം ഉന്നയിക്കുന്നത്.
യെല്ലോ അലര്‍ട്ടുള്ള തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അവധി ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇതുവരെ നാല് ജില്ലകളില്‍ മാത്രമാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. ഇനി ഏതെങ്കിലും ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല. അവധി അപ്‌ഡേറ്റുകള്‍ അറിയുന്നതിന് ഔദ്യോഗിക സ്രോതസുകള്‍ മാത്രം പിന്തുടരുക.

















