മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തില്‍ കലാശിച്ചു.
ഏറെ നേരം രാഹുലിന്‍റെ കാർ തടഞ്ഞു വച്ചതോടെ കാറില്‍ നിന്നിറങ്ങി എംഎല്‍എ കാല്‍നടയായിട്ടാണ് ഉദ്ഘാടന സ്ഥലത്തേക്കെത്തിയത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടലുകളും കൈയാങ്കളിയുമുണ്ടായി. ഏകദേശം 400 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരുന്നത്.
ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ വികസന പ്രവർത്തനങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും വിശദീകരിക്കുകയും പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. മറ്റന്നാല്‍ സ്മാർട്ട് അംഗനവാടി ഉദ്ഘാടനമുണ്ടെന്നും ഇവിടെ എത്തിയവരെല്ലാം അവിടേക്കും എത്തി പ്രതിഷേധിക്കണമെന്നും രാഹുല്‍ പറഞ്ഞു. വാഹനം തടഞ്ഞാല്‍ കാല്‍നടയായി പോവുമെന്നും രാഹുല്‍ പ്രതികരിച്ചു.

















