ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ഒ.ജെ. ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കാൻ ധാരണയാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി ആയിരുന്നു ഒജെ ജനീഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒജെ ജനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്റെയും, സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു. ഷാഫി പറമ്ബില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിനു ചുള്ളിയിൽ ഏക വർക്കിംഗ് പ്രസിഡന്റ്

ആലപ്പുഴ ജില്ലയിൽ നേതാവ് ബിനു ചുള്ളിയിൽ സംഘടനയുടെ ഏക വർക്കിംഗ് പ്രസിഡണ്ടായി നിയമിക്കപ്പെട്ടു. പരിമിതമായ ജീവിത സാഹചര്യങ്ങളോട് പട വെട്ടി സംഘടനയുടെ താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചു വളർന്നുവന്ന നേതാവാണ് ബിനു ചുള്ളിയിൽ. അവസാന നിമിഷം വരെയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇദ്ദേഹത്തിൻറെ പേര് ഉയർന്നുവന്നിരുന്നുവെങ്കിലും രമേശ് ചെന്നിത്തലയുടെ എതിർപ്പാണ് ബിനുവിന് വിനയായത് എന്നാണ് അറിയാൻ കഴിയുന്നത്. കെ സി വേണുഗോപാലിന്റെ വിശ്വസ്തനായതാണ് രമേശ് ചെന്നിത്തലയ്ക്ക് ബിനുവിനോട് എതിർപ്പുണ്ടാവാൻ കാരണം. ബിനു ഒഴികെ ഏതുപേരും അംഗീകരിക്കാം എന്ന നിലപാടിലേക്ക് ചെന്നിത്തല വിഭാഗം അവസാന റൗണ്ട് ചർച്ചകളിൽ എത്തിച്ചേർന്നിരുന്നു.

അബിൻ വർക്കിക്കും, കെ എം അഭിജിത്തിനും സമാശ്വാസ സ്ഥാനങ്ങൾ

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രമേശ് ചെന്നിത്തല വിഭാഗം നിർദ്ദേശിച്ച അബിൻ വർക്കി, എ ഗ്രൂപ്പ് നോമിന് കെ എം അഭിജിത്ത് എന്നിവർക്ക് ദേശീയ സെക്രട്ടറി സ്ഥാനമാണ് നൽകിയിട്ടുള്ളത്. ഇവരുടെ സ്ഥാനലധിയോടുകൂടി സംസ്ഥാനത്തുനിന്ന് ദേശീയതലത്തിൽ യൂത്ത് കോൺഗ്രസിന് അഞ്ച് സെക്രട്ടറിമാരെ ലഭിച്ചു. ശ്രീലാൽ ശ്രീധർ, ഷിബിന, ജിംഷാദ് ജിംനാസ് എന്നിവർ നേരത്തെ തന്നെ ദേശീയ സെക്രട്ടറിമാരായി നിയമിക്കപ്പെട്ടിരുന്നു.

സംഘടന വേണുഗോപാൽ – ഷാഫി സഖ്യത്തിലേക്ക്; അപ്രസക്തരായി എ,ഐ വിഭാഗങ്ങൾ

ഷാഫി പറമ്പിലിന്റെ നോമിനിയായ ഓ ജെ ജെനീഷ് സംസ്ഥാന പ്രസിഡണ്ടും, കെ സി വേണുഗോപാലിൻറെ നോമിനിയായ ബിനു ചുള്ളിയിൽ സംഘടനയുടെ ഏക വർക്കിംഗ് പ്രസിഡണ്ടുമായി എത്തുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പരമ്പരാഗത എ ഐ വിഭാഗങ്ങൾക്ക് ഉണ്ടായ ശക്തി ക്ഷയവും ചർച്ചയാകുന്നുണ്ട്. ഇവർ ഉയർത്തിക്കാട്ടിയ രണ്ട് പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയില്ല എന്ന് മാത്രമല്ല അബിൻ വർക്കിക്കും, അഭിജിത്തിനും വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം പോലും ലഭിച്ചില്ല എന്നത് കോൺഗ്രസിലെ അധികാര സമവാക്യങ്ങളിൽ ഉണ്ടായ മാറ്റത്തിന്റെ കൃത്യമായ സൂചനയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഈ വിഷയത്തിൽ തനിക്ക് നോമിനികൾ ഇല്ല എന്ന് തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാന കോൺഗ്രസിന്റെ നിയന്ത്രണം കെസി വേണുഗോപാൽ ഷാഫി പറമ്പിൽ അച്ചുതണ്ടിലേക്ക് കേന്ദ്രീകരിക്കുന്നതിന്റെ കൃത്യമായ പ്രതിഫലനമായി പുതിയ നിയമനങ്ങൾ മാറുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക