പൊതുമേഖല ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ഇത് സംബന്ധിച്ച നടപടികള്‍ ഈ വർഷം തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുമെന്നാണ് വിവരം. ലോകത്തിലെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ 2 പൊതുമേഖല ബാങ്കുകളെയെങ്കിലും കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്നാണ് വിശദീകരണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്ക് മറ്റുള്ള പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. എസ്ബിഐയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കാനറ ബാങ്കിനോടും ലയിപ്പിക്കാനാണ് നിലവിലെ ആലോചനയെന്നാണ് റിപ്പോർട്ടുകള്‍.
2017ലാണ് ബാങ്കുകളുടെ ലയന നടപടികള്‍ ആദ്യം ആരംഭിച്ചത്. പിന്നീട് 2019ല്‍ നടന്ന ലയനത്തിലൂടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12 എണ്ണമാക്കി ചുരുക്കി. ഇപ്പോള്‍ ഈ നടക്കാൻ പോകുന്ന നടപടികളിലൂടെ അത് 3 ആയി കുറയും. ഈ മാറ്റത്തിലൂടെ വമ്ബൻ പദ്ധതികള്‍ക്ക് ഉള്‍പ്പെടെ വായ്പ നല്‍കാൻ ബാങ്കുകള്‍ക്ക് കഴിയുമെന്ന വാദം കേന്ദ്രം ഉയർത്തുന്നുണ്ടെങ്കിലും ബിജെപി സർക്കാരിന്റെ സ്വകാര്യ ബാങ്കുകളോടുള്ള തലോടല്‍ നയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് പൊതുവെ വിമർശനങ്ങളും ഉയരുന്നുണ്ട്.

















