മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ടീസർ പുറത്ത്. നിർമ്മാതാവായ ആൻ്റോ ജോസഫ് ഫിലിം കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേട്രിയറ്റ് ടീസർ പുറത്തുവന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആവേശകരമായ ടീസറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.സൈനികനായാണ് മോഹൻലാല്‍ എത്തുന്നത്.
മമ്മൂട്ടിയടക്കം മറ്റുള്ളവരുടെ കഥാപാത്രങ്ങളെപ്പറ്റി വ്യക്തമായ സൂചനകള്‍ ടീസർ നല്‍കുന്നില്ല. എന്നാല്‍, ഇരുവരും ഒരുമിച്ചുള്ള ആക്ഷൻ സീനുകളടക്കം സിനിമയിലുണ്ടാവുമെന്നാണ് ടീസറിലെ സൂചനകള്‍. ദേശദ്രോഹമടക്കമുള്ള വിഷയങ്ങളാണ് സിനിമ സംസാരിക്കുന്നതെന്നും ടീസർ പറയുന്നു. മമ്മൂട്ടി, മോഹൻലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻ താര എന്നിവർക്കൊപ്പം ദർശന രാജേന്ദ്രൻ, രേവതി തുടങ്ങിയവരും സിനിമയിലുണ്ട്.
സുഷിൻ ശ്യാം ആണ് പേട്രിയറ്റിൻ്റെ സംഗീതസംവിധാനം. മനുഷ് നന്ദൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സംവിധായകനായ മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റ്. ആൻ്റോ ജോസഫ് പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ആൻ്റോ ജോസഫ്, കെജി അനില്‍ കുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.രോഗബാധയെ തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെയെത്തിയത്. ഹൈദരാബാദില്‍ പേട്രിയറ്റ് സെറ്റില്‍ ജോയിൻ ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാർത്ഥനകള്‍ക്കെല്ലാം ഫലം കണ്ടു എന്ന് മാധ്യമപ്രവർത്തകരോട് മമ്മൂട്ടി പ്രതികരിച്ചു. സ്നേഹത്തിൻ്റെ പ്രാർത്ഥനകളല്ലേ, അതിന് ഫലം കിട്ടുമെന്നാണ് തൻ്റെ വിശ്വാസം. ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി പറയുകയാണെന്നും മമ്മൂട്ടി പറഞ്ഞു.17 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ട്വൻ്റി20 എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണൻസിന് ശേഷം മമ്മൂട്ടി – മോഹൻലാല്‍ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്ന സിനിമ കൂടിയാണ് ഇത്.








