പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ്ലൈഫിന്റെ ട്രെയ്ലർ റിലീസായി. 37 വർഷങ്ങള്‍ക്കുശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമാണ്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വൻ, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.
രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ നിർമിച്ച് തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘അമര’ന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് ‘തഗ് ലൈഫ്’ കേരളത്തിലെത്തിക്കുന്നത്. ‘തഗ്ലൈഫി’ന്റെ കേരളാ ഡിസ്റ്റ്രിബ്യുഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്. ‘തഗ്ലൈഫി’ന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും അണിയറപ്രവർത്തകരും മേയ് 21-ന് കൊച്ചിയിലും മേയ് 28-ന് തിരുവനന്തപുരത്തും നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളില്‍ പങ്കെടുക്കും.
എ.ആർ. റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ ‘തഗ്ലൈഫ്’ ഓഡിയോ ലോഞ്ച് ചെന്നൈ സായിറാം കോളേജില്‍ മേയ് 24-ന് നടക്കും. ‘തഗ്ലൈഫ്’ ലോകമെമ്ബാടുമുള്ള തീയേറ്ററുകളില്‍ ജൂണ്‍ അഞ്ചിന് റിലീസാകും. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനും, എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
നേരത്തെ മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് ‘തഗ്ലൈഫി’ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘വിക്ര’മിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. ‘തഗ്ലൈഫി’ന്റെ മേക്കപ്പ് രഞ്ജിത്ത് അമ്ബാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമിഷ്ഠ റോയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവർത്തിക്കുന്നത്. പിആർഒ: പ്രതീഷ് ശേഖർ.








