ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ വാവർക്കെതിരെ ഉണ്ടായ വിദ്വേഷ പരാമർശത്തില്‍ പോലീസില്‍ പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്. വിശ്വാസം വ്രണപ്പെടുത്തല്‍, മതവിഭാഗങ്ങള്‍ക്കിടയില്‍ സ്‌പർധ ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാര കുടുംബാംഗം അഡ്വ. വി.ആർ. അനൂപ് പന്തളം പോലീസില്‍ പരാതി നല്‍കിയത്.
“വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും” ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. കൂടാതെ “വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല.ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്” എന്നിങ്ങനെയായിരുന്നു ശാന്താനന്ദയുടെ പ്രസംഗം.
ബിജെപി മുൻ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൻ്റെ ഉദ്ഘാടകൻ. അണ്ണാമലൈ, മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ശക്തമായി വിമർശിച്ചു. ഭഗവദ്ഗീതയില്‍ നരകത്തിലേക്കുള്ള വഴി കാമം, കോപം, ആർത്തി എന്നിവയാണെന്ന് പറയുന്നു, ഇത് മൂന്നും പിണറായിക്കുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. കൂടാതെ, പിണറായിയും സ്റ്റാലിനും ദൈവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന ‘നാസ്തിക് ഡ്രാമാചാര്യർ’ (നിരീശ്വര നാടക നടന്മാർ) ആണെന്നും അദ്ദേഹം പരിഹസിച്ചു.സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയണം എന്ന് പറഞ്ഞ സ്റ്റാലിനെയും മകൻ ഉദയനിധിയെയും പിണറായി വിജയൻ കേരളത്തിലേക്ക് ക്ഷണിച്ചതിനെയും അണ്ണാമലൈ വിമർശിച്ചു. തമിഴ്‌നാട്ടില്‍ നടത്തിയ ‘ഗ്ലോബല്‍ മുരുകാ കോണ്‍ഫറൻസ്’ കേരളത്തില്‍ പിണറായി അനുകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

















