യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘനയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ദുരൂഹതയുണർത്തി ആമസോണില്‍ വില്‍പനയ്ക്കെത്തി ഒരു പുസ്തകം. അനസ്തേഷ്യ ജെ. കെയ്സി എന്ന വ്യക്തി എഴുതിയതായി കാണിക്കുന്ന ‘ദി ഷൂട്ടിങ് ഓഫ് ചാർളി കിർക്ക്’ എന്ന പുസ്തകമാണ് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചാർളി കിർക്ക് വെടിയേറ്റ് മരിക്കുന്നതിന് ഒരു ദിവസം മുമ്ബാണ്പുസ്തകം വില്‍പ്പനയ്ക്ക് എത്തിയതെന്നതാണ് ദുരൂഹത ഉണർത്തുന്നത്.
അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്‌എയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ചാർളി കിർക്കിന് (31). ബുധനാഴ്ച യുഎസിലെ യൂട്ടായിലെ യൂട്ടാ വാലി സർവകലാശാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് വെടിയേറ്റത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞു.
”ദി ഷൂട്ടിങ് ഓഫ് ചാർളി കിർക്ക്’; യൂട്ടാ വാലി സർവകലാശാലയിലെ ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം’ എന്ന തലക്കെട്ടോടുകൂടിയാണ് പുസ്തകം ആമസോണില്‍ വില്‍പനയ്ക്കെത്തിയത്. പുസ്തകം പുറത്തിറങ്ങിയ തീയതിയുടെ സ്ഥാനത്ത് – സെപ്റ്റംബർ ഒമ്ബത്, 2025 എന്നാണ് നല്‍കിയിരിക്കുന്നത്.വൈകാതെ ജനങ്ങള്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് തുടങ്ങി. അതോടെ, ഈ പുസ്തകത്തിന്റെ ലിസ്റ്റിങ് ആമസോണ്‍ സൈറ്റില്‍നിന്ന് നീക്കം ചെയ്തു. പക്ഷേ പുസ്തകത്തിന്റെ പുറംചട്ട, തലക്കെട്ട്, തീയതി, പുസ്തകത്തിന് ആമസോണില്‍ നല്‍കിയിരുന്ന സംഗ്രഹം എന്നിവ കാണിക്കുന്ന സ്ക്രീൻഷോട്ടുകള്‍ എക്സ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോഴും ഉപയോക്താക്കള്‍ അതിന്റെ സമയത്തെയും രചയിതാവിനെയും കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.
അതേസമയം, പ്രസ്തുത പുസ്തകത്തെക്കുറിച്ച് അന്വേഷണം നടത്തിയതായി ആമസോണ്‍ വക്താവ് സ്ഥിരീകരിച്ചു. ‘ഏതൊക്കെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ചില മാർഗ്ഗനിർദ്ദേശങ്ങളുണ്ട്, ഈ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കാത്ത പുസ്തകങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്യാറുണ്ട്. ചോദ്യം ചെയ്യപ്പെട്ട പുസ്തകം ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ല. ഒരു സാങ്കേതിക തകരാർ കാരണം, ഈ പുസ്തകം കുറച്ചുകാലം ലിസ്റ്റ് ചെയ്തിരുന്നപ്പോള്‍ പ്രദർശിപ്പിച്ചിരുന്ന പ്രസിദ്ധീകരണ തീയതി തെറ്റായിരുന്നു, ഇതുമൂലമുണ്ടായ ആശയക്കുഴപ്പത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. സെപ്റ്റംബർ 10-ന് ഉച്ചകഴിഞ്ഞാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.’ ആമസോണ്‍ വക്താവിനെ ഉദ്ധരിച്ച് hindustantimes.com റിപ്പോർട്ട് ചെയ്തു.













