യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ട്രംപ് മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവെച്ചത്. പ്രതിയുമായി വളരെ അടുത്ത ബന്ധമുള്ളയൊരാളാണ് അയാളെ പിടികൂടാൻ സഹായിച്ചതെന്നും പ്രതിയെ നിയമപാലകർ പിടികൂടി എന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി.

അമേരിക്കയിലെ അതിയാഥാസ്ഥിതിക പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായിരുന്നു ചാർളി കിർക്ക്. ബുധനാഴ്ച യുഎസിലെ യൂട്ടായിലെ യൂട്ടാ വാലി സർവകലാശാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് കിർക്കിന് വെടിയേറ്റത്. യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്‌എയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു മുപ്പത്തൊന്നുകാരനായ കിർക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിർക്കിനെ വെടിവെച്ചതായി കരുതപ്പെടുന്ന വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു മുൻ പാസ്റ്ററാണ് പ്രതിയെ നിയമപാലകർക്ക് കൈമാറിയതെന്നും പ്രതി പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു.

‘പ്രതിയെ കൈമാറിയത് നിയമപാലകരുമായി ബന്ധമുള്ളയാളാണ്. അദ്ദേഹം ഒരു വിശ്വാസിയും പുരോഹിതനും ആയിരുന്നു. അവർ പോലീസ് ആസ്ഥാനത്തേക്ക് വാഹനമോടിച്ചെത്തുകയായിരുന്നു. വളരെ മികച്ച ഒരു യുഎസ് മാർഷലിന്റെ അടുത്തേക്കാണ് അദ്ദേഹം പ്രതിയെ എത്തിച്ചത്. പ്രതി ഇപ്പോള്‍ അവിടെയുണ്ട്. ഞങ്ങള്‍ തിരയുന്ന വ്യക്തിയെന്ന് കരുതുന്നയാള്‍ ഇപ്പോള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്.’ ട്രംപ് പറഞ്ഞു.

കിർക്കിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ‘ചാർളി കിർക്ക് ഒരു മികച്ച വ്യക്തിയും മഹാനായ മനുഷ്യനുമായിരുന്നു – എല്ലാ അർത്ഥത്തിലും മികച്ചവൻ, പ്രത്യേകിച്ച്‌ യുവാക്കള്‍ക്കിടയില്‍.’ ട്രംപ് പറഞ്ഞു.

വെടിവെപ്പിന് ശേഷമുള്ള 48 മണിക്കൂറിനുള്ളില്‍, സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഏകോപിത പ്രവർത്തനമാണ് പ്രതിയെ കണ്ടെത്താനായി നിയമപാലകർ നടത്തിയത്. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച ഏഴായിരത്തിലധികം വിവരങ്ങളുടെ സഹായത്തോടെ, ഇരുപതിലധികം ഏജൻസികളെയും നൂറുകണക്കിന് ഉദ്യോഗസ്ഥരെയും വിന്യസിച്ചായിരുന്നു അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക