രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓണാശംസ പോസ്റ്റില്‍ കമന്റുമായി യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ.’Happy Onam’ എന്നാണ് രാഹുലിന്റെ ഓണാശംസ പോസ്റ്റിലെ ഫാത്തിമ തഹ്‌ലിയയുടെ കമന്റ്. രാഹുലിനെതിരെ ലൈംഗികാരോപണം ഉയർന്ന സമയത്ത് രൂക്ഷമായ വിമർശനമുയർത്തി രംഗത്തെത്തിയ വനിതാ നേതാവായിരുന്നു ഫാത്തിമ തഹ്‌ലിയ. ഇതോടെ ഫാത്തിമയുടെ കമന്റിനെതിരെ വലിയ വിമർശനവും പരിഹാസവും ഉയരുകയും ചെയ്തു. അതേസമയം, കോണ്‍ഗ്രസ് നേതാക്കളാരും രാഹുലിന്റെ പോസ്റ്റില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്‌ലിയ രംഗത്ത് വന്നിരുന്നു. രാഹുലിനെതിരായ എല്ലാ പരാതികളും വിശ്വസനീയമെന്നായിരുന്നു തഹ്‌ലിയയുടെ പ്രതികരണം. ആ സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കുന്നുവെന്നും തഹ്‌ലിയ പറഞ്ഞിരുന്നു. ഇതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ഓണാശംസ പോസ്റ്റിന് കീഴെ ഫാത്തിമ തഹ്‌ലിയ കമൻ്റ് പങ്കുവെച്ചിരിക്കുന്നത്. ഫാത്തിമയുടെ കമൻ്റിനെ ടാഗ് ചെയ്ത് ‘നിലപാടിൻ്റെ രാജകുമാരി’ എന്ന പരിഹാസ കമൻ്റും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യപ്രതികരണം നടത്തിയ ഉമാ തോമസ് എംഎല്‍എ, ബിന്ദു കൃഷ്ണ, കെ സി വേണുഗോപാലിന്റെ ഭാര്യ എ ആശ, സ്‌നേഹ, താര ടോജോ ഉള്‍പ്പെടെയുള്ളവർ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിരുന്നു. സ്ത്രീകളെ ചേർത്തുന്ന പാർട്ടിയാണ് കോണ്‍ഗ്രസെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉമാ തോമസ് രാഹുലിനെ വിമർശിച്ചത്. സ്ത്രീകള്‍ക്കൊപ്പമാണ് പാർട്ടി എന്നും നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഹുലിന് പാർട്ടിയില്‍ തുടരാൻ അർഹതയില്ല. രാഹുല്‍ രാജിവെയ്ക്കണം എന്ന കാര്യത്തില്‍ പാർട്ടിക്ക് സംശയമുണ്ടാകില്ല. ഇത്തരത്തിലുള്ള ആളുകളെ വെച്ചുപൊറുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്. രാജിവെയ്ക്കാത്ത പക്ഷം രാഹുലിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കണം. ഇങ്ങനെ ഒരാളെ പാർട്ടിക്ക് വേണ്ടെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞിരുന്നു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശമയച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടർന്ന് ശല്യം ചെയ്തെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗർഭഛിദ്രത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് നിഗമനത്തില്‍ എത്തിച്ചേർന്നത്. കൂടുതല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അന്വേഷണ സംഘം ചികിത്സാ രേഖകള്‍ ശേഖരിക്കും. ഒരു യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്നാണ് കണ്ടത്തല്‍. യുവതികളുടെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മൊഴി ലഭിച്ചില്ലെങ്കില്‍ നിയമോപദേശം തേടാനാണ് നീക്കം. ഗർഭഛിദ്രത്തിന് യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പുറത്തുവിട്ടത് റിപ്പോർട്ടറാണ്. പിന്നാലെയാണ് ആരോപണങ്ങളില്‍ സമ്മർദത്തിലായ കോണ്‍ഗ്രസ് രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്.
ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്കുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. രാഹുലിന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവർത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് അയച്ച വാട്‌സ്‌ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ റിപ്പോർട്ടർ നേരത്തെ പുറത്ത് വിട്ടിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുല്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില്‍ മരുന്നുകള്‍ കഴിക്കരുതെന്നും യുവതി പറയുമ്ബോള്‍ ഡോക്ടർ ഉണ്ടായാല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്ബോള്‍ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.

















