ബലാത്സംഗ, വഞ്ചനാക്കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎല്‍എ പോലീസിന് നേരെ വെടിയുതിർത്ത ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു.പട്യാലയിലെ സനൗർ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹർമീത് സിങ് ധില്ലനാണ് പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കർണാലില്‍ വെച്ചാണ് ഇയാള്‍ പോലീസിനുനേരെ വെടിയുതിർത്തത്. ശേഷം കൂട്ടാളികള്‍ക്കൊപ്പം രണ്ട് വാഹനങ്ങളിലായി കടന്നുകളയുകായിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്ബോള്‍ അദ്ദേഹവും കൂട്ടാളികളും വെടിയുതിർക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം. കൂട്ടാളികളോടൊപ്പം സ്കോർപിയോ എസ്.യു.വിയില്‍ രക്ഷപ്പെടുന്നതിന് മുമ്ബ് ഇയാള്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റിയതായും ആരോപണമുണ്ട്. രക്ഷപ്പെടാൻ ഉപയോഗിച്ച ഒരു ഫോർച്യൂണർ പിന്നീട് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
സിരക്പുർ സ്വദേശിയായ ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടർന്നാണ് ഹർമീത് സിങിനെ അറസ്റ്റ് ചെയ്തത്. വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021-ല്‍ തന്നെ വിവാഹം കഴിക്കുകയും, ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് സ്ത്രീയുടെ പരാതി. അശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് എംഎല്‍എയുടെ ആരോപണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഹർമീത് സിങ് ധില്ലൻ പത്തൻമാജ്ര പഞ്ചാബിലെ സ്വന്തം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ ഡല്‍ഹി നേതൃത്വമാണ് പഞ്ചാബില്‍ നിയമവിരുദ്ധമായി ഭരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇതിനെതിരെ താൻ വിമർശനം ഉന്നയിച്ചതോടെയാണ് പരാതി വന്നതെന്നും ഇയാള്‍ ആരോപിച്ചു.









