രാഹുൽ മാങ്കൂട്ടം വിവാദം സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. യുവനേതാവിനെതിരെ പുറത്തുവന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളും തെളിവുകളും മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഹുലിനെതിരെ പാർട്ടി അച്ചടക്ക നടപടി കൈ കൊണ്ടിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ രാഹുലിനെ ന്യായീകരിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം പുറത്തിറങ്ങിയിരിക്കുന്ന ചില സൈബർ പോരാളികൾ കോൺഗ്രസിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
സാമാന്യബുദ്ധിയോ നിയമ അവബോധമോ ഇല്ലാതെ വ്യാജ സ്ക്രീൻഷോട്ടുകൾ അടക്കം പടച്ചുവിട്ട് പുതുപ്പള്ളി സ്വദേശിയായ യുവാവ് സമൂഹ മാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് ഇപ്പോൾ പാർട്ടിക്ക് തലവേദന ആകുന്നത്. പുതുപ്പള്ളിയിലെ പ്രാദേശിക നേതാവും നിയോജകമണ്ഡലം യുഡിഎഫ് കൺവീനറുമായ കുഞ്ഞു പുതുശ്ശേരിയുടെ മകൻ ജസ്റ്റിൻ പുതുശ്ശേരിയാണ് ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുകയും അത് പാർട്ടിക്ക് ദോഷകരമാവുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടർ ചാനലിലെ അരുണിന്റെത് എന്ന പേരിലുള്ള വ്യാജ വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകളാണ് ഇയാൾ നിർമ്മിച്ച് പ്രചരിപ്പിച്ചത്.

ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സ്ക്രീൻഷോട്ടുകൾ യഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് കെഎസ്‌യു ജില്ലാ സെക്രട്ടറിയായ യുവാവ് ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ചാനലും അരുൺകുമാറും പരാതി നൽകുന്നു എന്നറിഞ്ഞ് ഇയാൾ പരസ്യ മാപ്പ് അപേക്ഷയുമായി രംഗത്ത് വന്നതോടെയാണ് കേസിൽ പെടാതെ രക്ഷപ്പെട്ടത്. യൂട്യൂബ് വ്ലോഗർ ആയി ചമഞ്ഞു നടക്കുന്ന ഇയാൾ മാധ്യമങ്ങളിലൊക്കെ തനിക്ക് വലിയ പിടിപാടാണ് എന്ന് പറഞ്ഞു പിടിപ്പിച്ച ഗീർവാണം കേട്ട് വിശ്വസിച്ചാണ് യുവ നേതാവ് ഇയാൾ പങ്കുവച്ച വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത് എന്നും പറയപ്പെടുന്നുണ്ട്.

സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ അപവാദപ്രചരണം നടത്തുന്നതിനായി ചുരുങ്ങിയ കാലം ഇയാൾ ഒരു ഓൺലൈൻ പോർട്ടൽ നടത്തിയിരുന്നു. അത് പൂട്ടിക്കെട്ടിയതോടെയാണ് യൂട്യൂബ് വഴി സൈബർ പോരാട്ടം എന്ന പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുമായ് മുന്നോട്ടുപോകുന്നത്. ഇയാളുടെ പിതാവ് ചാണ്ടി ഉമ്മനുമായി ഏറെ അടുത്തുനിൽക്കുന്ന നേതാവായതിനാൽ പുതുപ്പള്ളി എംഎൽഎയ്ക്കും ഇയാളുടെ ചെയ്തികൾ തലവേദനയാകുന്നുണ്ട്. ഇന്നലെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ എറണാകുളത്തുനിന്നുള്ള സൈബർ ക്രൈം വിഭാഗം പുതുപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും ഇയാൾ സ്ഥലത്തില്ലായിരുന്നു.
തുടർന്ന് കോട്ടയം ഡിസിസിയുടെ മുൻ അധ്യക്ഷനായ ജോഷി ഫിലിപ്പ് അടക്കമുള്ള നേതാക്കളെത്തി ഇയാളെ സ്റ്റേഷനിൽ ഹാജരാക്കി കൊള്ളാം എന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് പോലീസ് സംഘം മടങ്ങിയതെന്നും അറിയാൻ കഴിയുന്നു. കഴിഞ്ഞ യൂത്ത് കോൺഗ്രസ് പുനസംഘടന തിരഞ്ഞെടുപ്പിൽ ഇയാൾ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇയാൾ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചോ എന്ന സംശയവും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഏതായാലും പാർട്ടി സൈബർ പോരാളിയായി ചമഞ്ഞ് നിരന്തരം തലവേദനകൾ സൃഷ്ടിക്കുന്ന ഇയാളുടെ പ്രവർത്തനങ്ങൾ പുതുപ്പള്ളിയിൽ കോൺഗ്രസിന് വലിയ തലവേദനയാണ്.

















