ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാനുള്ള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവർത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിൻ്റെയും അതിനെ നേരിടാൻ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓർമപ്പെടുത്തല്‍ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്ബോള്‍ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാർ ബുദ്ധി കേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്.
സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാൻ താല്പര്യം കാട്ടാതെ “ആഭ്യന്തര ശത്രുക്കള്‍”ക്കെതിരെ പട നയിക്കാൻ ഊർജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. ബ്രിട്ടീഷ് വൈസ്രോയിയെ നേരില്‍ ചെന്നു കണ്ട് പിന്തുണയറിയിക്കുകയും തങ്ങള്‍ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയില്‍ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാർ. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിൻപറ്റുന്നവരാണ് ഇപ്പോള്‍ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്.
ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിൻ്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാർ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോള്‍ തീയണക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാർ എന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

















