യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വ്‌ളോഗിംഗിന്റെ കേരളത്തിലെ തുടക്കകാലത്ത് തന്നെ ജനപ്രിയ വ്‌ളോഗര്‍ എന്ന വിശേഷണം ലഭിച്ച ആളാണ് ഫിറോസ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തില്‍ ജനിച്ച ഫിറോസ് 2007 മുതല്‍ 2012 വരെ സൗദി അറേബ്യയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്നു. 2012 ല്‍ നാട്ടിലെത്തിയ ഫിറോസ് പിന്നീട് തിരിച്ചുപോയില്ല.
“2018 ല്‍ ആണ് ക്രാഫ്റ്റ് മീഡിയ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പാചക വീഡിയോകള്‍ ആയിരുന്നു ചെയ്തിരുന്നത്. അധികം വൈകാതെ തന്നെ ഫിറോസിന്റെ ചാനലിന് പ്രേക്ഷകര്‍ ഏറെയായി. യൂട്യൂബ് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള കേരളത്തിലെ യൂട്യൂബ് ചാനലുകളിലൊന്നായും വില്ലേജ് ഫുഡ് ചാനല്‍ ( വിഎഫ്‌സി ) എന്ന ഫിറോസിന്റെ ചാനല്‍ മാറി. ഇപ്പോഴിതാ ഒരു സുപ്രധാന തീരുമാനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്.
താന്‍ യൂട്യൂബ് നിര്‍ത്താന്‍ പോകുകയാണ് എന്നാണ് ഫിറോസ് ചുട്ടിപ്പാറ അറിയിച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെ തന്നയാണ് ഫിറോസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിസിനസ് രംഗത്തേക്ക് ചുവടുമാറുകയാണ് എന്നും യുഎഇ ആസ്ഥാനമാക്കി കൊണ്ടാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത് എന്നും ഫിറോസ് പറഞ്ഞു. ഇനിയും യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
അതിനാലാണ് സ്വയം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത് എന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു. ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അതിനാല്‍ കൂടുതല്‍ സമയമെടുത്തുള്ള പാചക വിഡിയോകള്‍ക്ക് പകരം റീലുകളില്‍ ആയിരിക്കും ഇനി കൂടുതല്‍ പ്രത്യക്ഷപ്പെടുക എന്നും എന്നാല്‍ കുക്കിംഗ് വിഡിയോകള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ലെന്നും ഫിറോസ് ചുട്ടിപ്പാറ അറിയിച്ചു.
‘ഞാനിപ്പോള്‍ ഷാര്‍ജയിലാണ് ഉള്ളത്. ഒരു ചെറിയൊരു ചുവടുവയ്പ് വെച്ചാലോയെന്ന് ആലോചിക്കുകയാണ് ഞങ്ങള്‍. അതിന്റെ ഭാഗമായി ദുബായില്‍ എത്തിയതാണ്. ബിസിനസിലേക്ക് മാറിയാലോ എന്നാണ് ചിന്ത. യൂട്യൂബാണ് ഇപ്പോഴത്തെ വരുമാന മാര്‍ഗം. ആ വരുമാനത്തെ ആശ്രയിക്കാതെ? വേറെ എന്തെങ്കിലും ബിസിനസ് ചെയ്താല്‍ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുമോ?’, ഫിറോസ് പറഞ്ഞു.













