ഒമാനില്‍ നിന്നെത്തിയ യുവതിയില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്ത സംഭത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എൻ.എസ്.സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സൂര്യയേയും ഇവരെ സ്വീകരിക്കാനെത്തിയ മൂന്നു യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ് യുവതിയെ കൂടാതെ അറസ്റ്റിലായത്. കരിപ്പൂർ വിമാനത്താവളത്തിലാണ് യുവതി എംഡിഎംഎയുമായി എത്തിയത്. കരിപ്പൂർ ഇൻസ്പെക്ടർ എ.അബ്ബാസലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയേയും കൂട്ടാളികളെയും പിടികൂടിയത്.ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മസ്കറ്റില്‍ നിന്നും സൂര്യ കരിപ്പൂരിലെത്തിയത്. മിഠായി പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. വിമാനത്താവളത്തിനുള്ളിലെ പരിശോധനയില്‍ ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.
വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങവെയാണ് പൊലീസ് എത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു.സൂര്യയെയും സ്വീകരിക്കാനെത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു. ലഗേജിനുള്ളില്‍ മിഠായിയുടെ പായ്ക്കറ്റുകള്‍ക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചത്. എംഡിഎംഎ അടങ്ങിയ ലഗേജ് കൊടുത്തയച്ച ആളെക്കുറിച്ചും മറ്റും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണെന്നു ഡിവൈഎസ്പി പി.കെ.സന്തോഷ് അറിയിച്ചു.
യുവതിയുടെ ബാഗിൽ നിന്നും ഒരു കിലോ MDMA പിടികൂടുന്ന Live ദൃശ്ശ്യങ്ങൾ…
Posted by ചാച്ചു ചാച്ചു on Monday, July 21, 2025
സൂര്യ മസ്കറ്റിലേക്ക് പോയത് ദിവസങ്ങള്‍ക്ക് മുമ്ബാണ്. കഴിഞ്ഞ 16നാണ് യുവതി മസ്കറ്റിലെത്തിയത് എന്നാണ് റിപ്പോർട്ട്. കുറച്ചു ദിവസം മാത്രം അവിടെ തങ്ങിയ ശേഷം തിരികെ നാട്ടിലേക്ക് പറന്ന യുവതി എംഡിഎംഎ നാട്ടിലെത്തിക്കാൻ കാരിയർ ആയി പോയതാകാമെന്നാണു പൊലീസ് നിഗമനം.

















