ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്ബതിമാരുടെ മകള്‍ മരിച്ചു. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂർ മട്ടന്നൂർകീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിൻ (5) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി തിരികെ വരുമ്ബോള്‍ പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.
നിസ്വയിലേക്കുള്ള മടക്കയാത്രയില്‍ ആദത്തിനടുത്ത് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാർ മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നു പുറത്തേക്ക് തെറിച്ച് വീണതിനെത്തുടർന്നാണ് ജസാ ഹൈറിൻ മരിച്ചത്. നവാസും ഭാര്യ റസിയയും മൂത്ത മകള്‍ സിയാ ഫാത്തിമയും നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയില്‍ ചികിത്സയിലാണ്.
റസിയയും കുട്ടികളും നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് അപകടം.ബാംഗ്ലൂർ കെഎംസിസി ഓഫീസ് സെക്രട്ടറി മൊയ്തു മാണിയൂറിന്റെ മകള്‍ ആണ് റസിയ. അപകടവിവരം അറിഞ്ഞ നിസ്വ കെഎംസിസി പ്രവർത്തകർ സ്ഥലത്തെത്തിയാണ് അടിയന്തിര സഹായങ്ങള്‍ ചെയ്തത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയശേഷം നാട്ടിലെത്തിക്കും.

















