ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകള്‍ റിയ ആൻ (41), മകള്‍ ടൈറ (എട്ട്), തൃശൂർ സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ 27 പേർക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയല്‍ ഗുരുതര പരിക്കുകളോടെ കെനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മകൻ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്. ജസ്നയുടെ ഭർത്താവ് തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫക്കും അപകടത്തില്‍ പരിക്കേറ്റു.
അപകടവിവരം അറിഞ്ഞയുടനെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയതാവും നോർക്ക ഇടപ്പെട്ട തുടർ പ്രവർത്തനങ്ങള്‍ ത്വരിതഗതിയിലാക്കിയതായും കോങ്ങാട് എം.എല്‍.എ അഡ്വ. ശാന്തകുമാരി പറഞ്ഞു.ജൂണ്‍ ആറിന് ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തറില്‍ നിന്നും കെനിയയിലേക്ക് പോയ 28 പേർ അടങ്ങിയ വിനോദയാത്രാ സംഘമാണ് മധ്യ കെനിയയിലെ ന്യാൻഡറുവ കൗണ്ടിയില്‍ അപകടത്തില്‍പെട്ടത്. അപകടസ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചതായി ന്യൻഡുരു കൗണ്ടി പൊലീസ് മേധാവി അറിയിച്ചതായി കെനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലു മണിയോടെയാണ് മധ്യ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയില്‍ 28 പേരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടത്. നയ്റോബിയില്‍ നിന്നും 200ഓളം കിലോമീറ്റർ ദൂരെയായാണ് അപകടം നടന്നത്. കർണാടക, ഗോവ, കേരളം ഉള്‍പ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്.ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. രാവിലെയോടെ ഖത്തറില്‍ നിന്നും ട്രാവല്‍ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തില്‍ ആറു പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമ റിപ്പോർട്ട്. മരണപ്പെട്ടവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. കനത്തമഴയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയില്‍ ഒല്‍ജോറോ-നകുരു ഹൈവേയില്‍ വെച്ച് നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണംവിട്ട ബസ് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ബസിന്‍റെ മേല്‍കൂരകള്‍ തകർന്ന നിലയിലാണ് താഴെ പതിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവില്‍ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസണ്‍ വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടു പോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാൻ ജൂണ്‍ ആറിനാണ് വിനോദയാത്രാ സംഘം ട്രാവല്‍ ഏജൻസിക്കു കീഴില്‍ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയില്‍ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.

















