കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്പയെ കർണാടക കേഡറില്‍ ഉള്‍പ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു.കർണാടക സ്വദേശിനിയായ ഹർജിക്കാരിയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കർണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
നിലവില്‍ കേരള പോലീസ് ഹെഡ് ക്വാർട്ടേഴ്സില്‍ എഐജിയാണ്. 2015-ല്‍ കേഡർ നിർണയിച്ചപ്പോള്‍ ഉണ്ടായ പിഴവുകാരണമാണ് കർണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേഡർ നിർണയത്തില്‍ പിഴവുണ്ടായി എന്ന ഹർജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. അഡ്വ. ടി. സഞ്ജയ് ആണ് ഹർജിക്കാരിക്കായി ഹാജരായത്.













