പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മധ്യവയസ്കനെ തള്ളിവീഴ്‌ത്തിയതിനെ തുടർന്ന് നാട്ടുകാർ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ തടഞ്ഞുവച്ചു. പരിക്കേറ്റ തിരുവനന്തപുരം കുന്നുംപുറം തോട്ടയ്‌ക്കാട്ട് ജെ.ആർ. ഭവനില്‍ ജോഷി (49)യെ മന്ത്രിയുടെ നിർദ്ദേശപ്രകാരം പെെലറ്റ് വാഹനത്തില്‍ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.15ന് ആലുവ റെയില്‍വേ സ്റ്റേഷന് മുന്നിലാണ് സംഭവം.
കൊച്ചുവേളി – മൈസൂർ ട്രെയിനില്‍ ആലുവയിലേക്ക് വന്ന മന്ത്രി കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാൻ വടക്കേക്കര പൊലീസിന്റെ ജീപ്പാണ് ഒമ്ബത് മണിയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഈ സമയമെത്തിയ ജോഷി മദ്യലഹരിയില്‍ എന്തൊക്കെയോ സ്വയം വിളിച്ചുപറഞ്ഞതിനാല്‍ പൈലറ്റ് ജിപ്പിലെ ഒരു പൊലീസുകാരൻ ഇയാളെ തള്ളി റെയില്‍വേ സ്റ്റേഷന് പുറത്താക്കി. തിരിച്ചെത്തി വീണ്ടും ആവർത്തിച്ചതോടെ പൊലീസുകാരൻ പിന്നെയും തള്ളി. ഈ സമയം സ്റ്റേഷന് മുന്നിലെ ടാക്സി കിയോസ്കിന് മുമ്ബില്‍ ജോഷി തലയടിച്ച് വീണു.
രക്തം വാർന്നതോടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പൊലീസുകാരനോട് ആശുപത്രിയില്‍ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ മന്ത്രി എത്തിയപ്പോള്‍ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും മന്ത്രിയെ തടഞ്ഞ് കാര്യങ്ങള്‍ ധരിപ്പിച്ചു. പൊലീസ് ജീപ്പ് തടയുകയും ചെയ്തു. തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

















