പാകിസ്താൻ മുക്ക് ഇനി സ്ഥലത്തിന്റെ പേരുമാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്ത്. ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഐവർകാല എന്നാണ് സ്ഥലം അറിയപ്പെടുക. ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ പേര് ചൂണ്ടിക്കാട്ടി ബിജെപി അനുകൂല ചാനലായ ജനം ടിവി വാർത്ത പരിപാടിയും സംപ്രേഷണം ചെയ്തിരുന്നു.
പാകിസ്താൻ മുക്കിന്റെ പേരുമാറ്റണമെന്ന ആവശ്യം യോഗത്തില്‍ ബിജെപി അംഗങ്ങളാണ് ഉന്നയിച്ചത്. 17 അംഗങ്ങളില്‍ 16 പേരും നിർദ്ദേശത്തെ അനുകൂലിച്ചു. എന്നാല്‍ സിപിഎമ്മിന്റെ അംഗം ഇതിനെ എതിർത്തു. യോഗത്തിന്റെ മിനിറ്റിസ് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് സർക്കാർ അനുമതിയോടെ ഔദ്യോഗികമായി പേര് നീക്കം ചെയ്യും.
‘കേരളത്തില്‍ പാകിസ്തൻ വേണ്ട’ എന്ന ജനം ടിവി ക്യാംപയ്നില്‍ കൊല്ലത്തെ സ്ഥലവും വാർത്തയായിരുന്നു. കൊല്ലം-പത്തനംതിട്ട അതിർത്തിയായ കടമ്ബനാട്ട് നിന്നും രണ്ട് കിലോ മിറ്റർ അകലെയാണ് പാകിസ്താൻ മുക്ക്. ഐവർക്കവല പടിഞ്ഞാറ്- വടക്ക് വാർഡിലാണ് ഈ സ്ഥലം.
ഏഴ് പതിറ്റാണ്ടായി പാകിസ്താൻ മുക്ക് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇടയ്‌ക്ക് പേരുമാറ്റാനുള്ള ശ്രമം നടന്നിരുന്നു. ശാന്തിസ്ഥാൻ എന്ന പേരാണ് പ്രദേശവാസികള്‍ നിർദ്ദേശിച്ചത്. രാഷ്‌ട്രീക്കാർ മറ്റ് പല പേരുകളും മുന്നോട്ട് വച്ചു. പക്ഷെ അതൊന്നും പ്രാബല്യത്തില്‍ വന്നില്ല.

















