ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ഞാൻ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ട്. വർഷങ്ങളായി പ്രകടിപ്പിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും.’ – രോഹിത് ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

2013 ല്‍ വിൻഡീസിനെതിരേയാണ് രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെഡ്ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4301 റണ്‍സാണ് രോഹിത്തിന്റെ സമ്ബാദ്യം. 12 സെഞ്ചുറികളും 18 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഒരു ഇരട്ടസെഞ്ചുറിയുമുണ്ട്. 40.57 ആണ് ശരാശരി. വിരാട് കോലി നായക സ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാൻ രോഹിത്തെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ രോഹിത്തിന്റെ നായകത്വത്തില്‍ ഇന്ത്യ 2021-23 ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്ബരയിലെ സമ്ബൂർണ തോല്‍വിയും പിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്ക്കർ പരമ്ബര കൈവിട്ടതും ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതിരുന്നതും രോഹിത്തിന്റെ നായകസ്ഥാനം തുലാസിലാക്കി. എന്നാല്‍ ഇന്ത്യയുടെ ചാമ്ബ്യൻസ് ട്രോഫി വിജയം ആശ്വാസമായി.

ടീമിനെ കിരീടത്തിലേക്കു നയിച്ചെങ്കിലും റെഡ് ബോള്‍ ഫോർമാറ്റിലുള്ള താരത്തിന്റെ പ്രകടനം അത്രമികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ ടീം പുതിയ നായകനുകീഴിലാണ് കളിക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ വർഷം ടി20 ലോകകപ്പില്‍ ജേതാക്കളായതിന് പിന്നാലെ രോഹിത് ടി20 ഫോർമാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക