കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ്. തീരുമാനം ഉടൻ ഉണ്ടാകണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിൻ്റെ വാട്സ്‌ആപ് ഗ്രൂപ്പിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
“മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ പക്വത കാണിക്കണം. യുവ നേതാക്കള്‍ക്ക് ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടല്ല. ആ വിമർശനം കൂടി താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല. സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം മുതിർന്ന നേതാക്കള്‍ തകർക്കരുത്. വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല.
സ്വന്തം മുഖം വാർത്തയില്‍ വരാൻ മുതിർന്ന നേതാക്കള്‍ എന്തും വിളിച്ചു പറയരുത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നേതൃത്വം നീക്കണം. പത്തുവർഷമായി യുവ നേതാക്കള്‍ പാലിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കള്‍ കണ്ടുപഠിക്കണം,” രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ സംബന്ധിച്ച് പ്രതികരിച്ചില്ല. വിഷയത്തെപ്പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോട് “ഒന്നും പറയാനില്ല മക്കളെ” എന്നാണ് സുധാകരൻ പറഞ്ഞത്. “കടും ചായയും കുടിച്ചിട്ട് വീട്ടില്‍ പോയി കിടന്ന് ഉറങ്ങിക്കോളൂ” എന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

















