ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ കുടുങ്ങി കിടക്കുന്നത് എം.എല്‍.എമാരും ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി മലയാളികള്‍.നോർക്ക ഹെല്‍പ് ഡെസ്കില്‍ 262 മലയാളികളാണ് കുടുങ്ങി കിടക്കുന്നതായി രജിസ്റ്റർ ചെയ്യുന്നത്. ഇതില്‍ നാലുപേർ നാട്ടില്‍ തിരിച്ചെത്തി. 258 പേരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അജിത് കോളശേരി പറഞ്ഞു.

കശ്മീരില്‍ കുടുങ്ങിയവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള നാല് എം.എല്‍.എമാരും മൂന്ന് ഹൈകോടതി ജഡ്ജിമാരും ഉള്‍പ്പെടും. കൊല്ലം എം.എല്‍.എ മുകേഷ്, കല്‍പറ്റ എം.എല്‍.എ ടി.സിദ്ദീഖ്, തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ്, നെയ്യാറ്റിങ്കര എം.എല്‍.എ കെ.ആൻസലൻ എന്നിവരും ജഡ്ജിമാരായ അനില്‍ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ, ജി.ഗിരീഷ് എന്നീ ജഡ്ജിമാരുമാണ് കുടുങ്ങിയത്. നിയമസഭ അഷ്വറൻസ് കമ്മിറ്റിയുടെ പര്യടന പരിപാടിയുടെ ഭാഗമായി എം.എല്‍.എമാർ കശ്മീരിലെത്തിയത്. എല്ലാവരും സുരക്ഷിതരാണെന്നും നോർക്ക അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍നിന്നുള്ളവര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്‌ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്ബര്‍), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം. കശ്മീരില്‍ കുടുങ്ങിപോയവരില്‍ സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ് ഡെസ്‌ക്ക് നമ്ബരില്‍ വിളിച്ച്‌ വിവരങ്ങള്‍ നല്‍കുകയും പേര് റജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. എറണാകുളം ഇടപ്പള്ളി മോഡേണ്‍ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹല്‍ഗാം മേഖലയില്‍ ഭീകരർക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികള്‍ പുറത്തുവിട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടില്‍ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തല്‍ഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക