പുതിയ രാഷ്ട്രീയ പാർട്ടി ആലോചനയിലെന്ന് സീറോ മലബാർ സഭ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയില്‍. ഇനിയും വോട്ട് ബാങ്ക് ആയി നിലനില്‍ക്കാൻ സാധിക്കില്ല.ഇത്രയും കാലം പലരേയും പിന്തുണച്ചു. ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് ഉണ്ട്. വോട്ട് ചെയ്യുന്നവർ ഞങ്ങളെ വഞ്ചിക്കുകയാണെങ്കില്‍ പിന്നെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള അവകാശങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഞങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങള്‍ പഠിക്കുവാൻ സർക്കാരിനോട് സഭ അഭ്യർത്ഥിച്ചിരുന്നു. സമ്മർദ്ദം കൊണ്ടാണ് കോശി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് 3 വർഷം പിന്നിട്ടിട്ടും ആ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ഇതിന് ആരാണ് ഉത്തരവാദി? അത് അറിയാൻ ഞങ്ങള്‍ക്ക് അവകാശം ഉണ്ട്.
കമ്മീഷൻ നിർദേശങ്ങള്‍ നടപ്പിലാക്കാൻ പരിശ്രമിച്ചാല്‍ ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ടാകും. ഇപ്പോള്‍ കാണിക്കുന്നത് കടുത്ത അവഗണനയാണ്. നാടിന് സംഭാവന ചെയ്ത ക്രൈസ്തവ സമൂഹത്തെ എങ്ങനെയാണ് സർക്കാരിന് ഇത്തരത്തില്‍ അവഗണിക്കാൻ സാധിക്കുന്നത്. 19 ലക്ഷം ആളുകളാണ് മലയോര പ്രദേശങ്ങളില്‍ ഉള്ളത്. അതില്‍ കൂടുതലും ക്രിസ്ത്യാനികളാണ്. സർക്കാർ അഭ്യർത്ഥിച്ചിട്ടാണ് ഞങ്ങള്‍ നാടിനെ രക്ഷിക്കാൻ വനമേഖലയിലേക്ക് മാറിയത്. എന്നാല്‍ വന്യമൃഗങ്ങളെ തുറന്നുവിട്ടിരിക്കുകയാണ്. ഞങ്ങളെ ആക്രമിക്കാൻ വരുന്ന മൃഗങ്ങളെ വെടിവെയ്ക്കാൻ അനുവാദം തരണം. വനംവകുപ്പിന് വെടിവെയ്ക്കാം ഞങ്ങള്‍ക്ക് അത് പാടില്ലെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് വനം മന്ത്രി വ്യക്തമാക്കണം.
ഇ ഡബ്ല്യു എസ് സംവരണം ലഭിക്കാൻ സർക്കാരിന്റെ കാല് ഞങ്ങള്‍ പിടിക്കണമെന്നൊക്കെ പറഞ്ഞാല്‍ എന്ത് ചെയ്യും? അത്രയ്ക്കും വിഷമത്തിലാണ് ഞങ്ങള്‍ കഴിയുന്നത്. സഭ ഇനി വോട്ട് ബാങ്ക് ആയി നിലനില്‍ക്കില്ല. ഞങ്ങളും ഇനി ഒരു രാഷ്ട്രീയ സംവിധാനമായി മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. മറ്റൊരു പാർട്ടിക്ക് പിന്തുണ നല്‍കേണ്ട ആവശ്യം ഞങ്ങള്‍ക്ക് ഇല്ല. ഞങ്ങള്‍ക്ക് പുതിയൊരു രാഷ്ട്രീയ പാർട്ടി തുടങ്ങാൻ സാധിക്കും. അതിനുള്ള സാധ്യതകളും ആലോചനകളും നടക്കുന്നുണ്ട്.
ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് ഉണ്ട്. വോട്ട് ചെയ്യുന്നവർ ഞങ്ങളെ വഞ്ചിക്കുകയാണെങ്കില്‍ പിന്നെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഞങ്ങള്‍ ആലോചിക്കും. അതിനായി പരിശ്രമിക്കും. ബി ജെ പിയെന്നോ കോണ്‍ഗ്രസ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ ഞങ്ങള്‍ക്കില്ല, ഞങ്ങളുടെ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം. ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാൻ തയ്യാറാകുന്നവർക്കൊപ്പം മുൻപ് ഞങ്ങള്‍ അണിചേർന്നിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.










