ഗ്വാളിയോറിലെ ഷിന്ദെ കി ചവാനിയില്‍ 70 വയസ്സുള്ള ഭർതൃമാതാവിനെ യുവതിയും ബന്ധുക്കളും ക്രൂരമായി മർദിച്ചു.വയോധികയെ തറയില്‍ എറിയുകയും തലയില്‍ അടിക്കുകയും ചെയ്യുന്നതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൂടാതെ, ഇവരുടെ മകനെ ഭാര്യയുടെ പിതാവും സഹോദരനും ചേർന്ന് ആക്രമിച്ചു. മുഴുവൻ സംഭവവും സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആദ്യം കേസ് എടുക്കാൻ മടിച്ച പൊലീസ് നാലു ദിവസങ്ങള്‍ക്കുശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
-->
സരള ബത്ര എന്ന വയോധികയെ ആണ് മരുമകള്‍ ക്രൂരമായി മർദിച്ചത്. മകൻ വിശാല്‍ ബത്ര, ഭാര്യ നീലിക, പേരക്കുട്ടികള്‍ എന്നിവരോടൊപ്പമാണ് അവർ താമസിക്കുന്നത്. ഭർത്താവ് 4 വർഷം മുമ്ബ് മരിച്ചു.
മരുമകള്‍ കുടുംബത്തിന്റെ സ്വത്ത് കൈയടക്കാൻ തുനിയുന്നുവെന്നും പലപ്പോഴും ഇതിന്റെ പേരില്‍ തർക്കിക്കാറുണ്ടെന്നും വയോധിക ആരോപിച്ചു. ‘സംഭവ ദിവസം ഉച്ചക്ക് 2 മണിയോടെ ചെറിയ കുടുംബപ്രശ്നത്തിന്റെ പേരില്‍ നീലിക മർദനം തുടങ്ങി. വിശാല്‍ ഇടപെടാൻ ശ്രമിച്ചപ്പോള്‍ നീലിക പിതാവ് സുരേന്ദ്ര കോഹ്‌ലിയെയും സഹോദരൻ നാനക് കോഹ്‌ലിയെയും വിളിച്ചുവരുത്തി. പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’വെന്ന് സരള പരാതിയില്‍ പറഞ്ഞു.
തൊട്ടുപിന്നാലെ സുരേന്ദ്രയും നാനക്കും മറ്റു നാല് പേരുമായി അവരുടെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി സരളയെയും വിശാലിനെയും അസഭ്യം പറയുകയും തുടർന്ന് വിശാലിനെ മർദിക്കാൻ തുടങ്ങുകയും ചെയ്തു. സരള മകനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ നീലിക അവളെ ആക്രമിച്ചു.
വിഡിയോയില്‍ നീലിക സരളയെ നിലത്തേക്ക് തള്ളിയിടുന്നതും ചവിട്ടുന്നതും തല ചുമരില്‍ ഇടിക്കുന്നതും കാണാം. വീടിനു പുറത്തുവെച്ചും ആക്രമണം തുടർന്നു. പരാതി നല്‍കിയാല്‍ കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തി.
ആക്രമണത്തിനു ശേഷം സരളയും വിശാലും പരാതി നല്‍കാൻ ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതികള്‍ അതിനകം അവിടെ എത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചിട്ടും പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തില്ല. നാലു ദിവസത്തിനു ശേഷം സരളയും മകനും ഒടുവില്‍ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചു. തങ്ങള്‍ക്ക് നീതി നല്‍കണമെന്ന് സരളയും വിശാലും ഗ്വാളിയോറിലെ എസ്.എസ്.പിയോട് ആവശ്യപ്പെട്ടു. അതിനുശേഷമാണ് പൊലീസ് എഫ്.ഐ.ആർ ഫയല്‍ ചെയ്തത്.
കേസ് എടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുവെന്നും ഇന്ദർഗഞ്ച് എസ്.എസ്.പി റോബിൻ ജെയിൻ സ്ഥിരീകരിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക