എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയ്ക്ക് സിപിഐയുടെ വെട്ട്. ബ്രൂവറിക്കായി ഒയാസിസ് കമ്ബനി നല്‍കിയ ഭൂമി തരം മാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി.പാലക്കാട് ആർഡിഒ ആണ് അപേക്ഷ തള്ളിയത്.
എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരംമാറ്റാൻ ഉള്ള അപേക്ഷ അനുവദിക്കാൻ കഴിയില്ലെന്നും ഭൂമിയില്‍ നിർമാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണം എന്നും ആർഡിഒ പറഞ്ഞു.നാല് ഏക്കറില്‍ നിർമാണം നടത്താൻ ഇളവുവേണം വേണം എന്നായിരുന്നു ഒയാസിസ് നല്‍കിയ അപേക്ഷ. ഭൂവിനിയോഗ നിയമത്തില്‍ ഇതിന് അനുസരിച്ച് ഇളവുവേണം എന്ന ആവശ്യം ആർഡിഒ തള്ളി.
സ്ഥലം കൃഷി ഭൂമിയാണെന്നും അവിടെ കൃഷി ചെയ്യുന്നുണ്ട് എന്ന് കൃഷി ഓഫീസർ ഉറപ്പാക്കി റിപ്പോർട്ട് നല്‍കണം എന്നും ആർഡിഒ പറഞ്ഞു. സിപിഐ നേതാവായ കെ.രാജനാണ് റവന്യൂ വകുപ്പ് മന്ത്രി. പാലക്കാട് മദ്യനിർമാണ ശാലയോട് അനുകൂല നിലപാടല്ല സിപിഐക്ക്. എന്നാല്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴയില്‍ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ പാർട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നുവെന്നാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരോട് റിപ്പോർട്ട് സമർപ്പിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. റവന്യൂ മന്ത്രി കെ.രാജനും കൃഷി മന്ത്രി പി.പ്രസാദും ഈ പദ്ധതിയെ കുറിച്ച് പഠിക്കണമെന്നാണ് നിർദേശം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഐ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.അതിനിടെയാണ് സിപിഐയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പ് ബ്രൂവറി പദ്ധതിക്ക് തടസമാകുന്ന തീരുമാനം എടുത്തിരിക്കുന്നത്.

















