പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുന്നവരുടെ എണ്ണം 39ലേക്ക് ഉയർന്നിരിക്കുകയാണ്. കഴിഞ്ഞവർഷം രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മാത്രം 15 പ്രതികള്‍ക്കാണ് കോടതി തൂക്കുകയർ വിധിച്ചത്. എന്നാല്‍ 1991നു ശേഷം സംസ്ഥാനത്ത് ഇതുവരെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.
ഒരു തടവുകാരന്റെ വധശിക്ഷ നടപ്പാക്കാൻ ജയില്‍ വകുപ്പിന് ചെലവഴിക്കാൻ കഴിയുന്നത് 2 ലക്ഷം രൂപ വരെയാണ്. വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സംഘത്തിന് ഉള്ളതാണ് ഈ തുക. ചിലവ് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതും ഓഡിറ്റിങ്ങിന് വിധേയമാക്കാൻ പാടില്ലാത്തതും ആണ്.
2010ലെ കേരള ജയില്‍ ചട്ടത്തിലാണ് ഇക്കാര്യങ്ങള്‍ വ്യവസ്‌ഥ ചെയ്തിട്ടുള്ളത്. വധശിക്ഷ നടപ്പാക്കാൻ ജയില്‍ ജീവനക്കാർ തയ്യാറല്ലെങ്കില്‍ പുറത്തു നിന്നുള്ള വ്യക്തിയേയോ ഒരു സംഘത്തെയോ ഇതിനായി നിയോഗിക്കാം. രണ്ട് ലക്ഷം രൂപയില്‍നിന്നും ആവശ്യമായ തുക ഇതിനായി ഉപയോഗിക്കാം. ജയില്‍ സൂപ്രണ്ടിനാണ് ഇതിനുള്ള അധികാരം.
വധശിക്ഷക്ക് വിധിക്കപ്പെട്ട ആളിന്റെ വാറൻ്റില്‍ അത് നടപ്പാക്കേണ്ട സ്ഥലം പറയുന്നില്ലെങ്കില്‍ ജയില്‍ വളപ്പിനുള്ളില്‍ ആണ് വധശിക്ഷ നടപ്പാക്കേണ്ടത്. ശിക്ഷ നടപ്പാക്കുന്ന സമയത്ത് സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറും ജയിലിന്റെമേല്‍ അധികാരമുള്ള ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹാജരായിരിക്കണം. കഴിവതും സൂര്യോദയത്തിന് ശേഷമായിരിക്കണം വധശിക്ഷ നടപ്പിലാക്കേണ്ടത്.
വധശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ പരമാവധി 12 പേരെ അനുവദിക്കാൻ ജയില്‍ സൂപ്രണ്ടിന് അധികാരമുണ്ട്. സമൂഹത്തില്‍ ബഹുമാന്യരായ മുതിർന്ന പുരുഷൻമാരെയോ വധശിക്ഷക്ക് വിധേയനാകുന്ന ആളിന്റെ ബന്ധുക്കളായ മുതിർന്ന പുരുഷന്മാരെയോ ഇങ്ങനെ അനുവദിക്കാം എന്നാണ് ജയില്‍ ചട്ടം പറയുന്നത്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്ന ഒരു ഘട്ടത്തിലും മറ്റൊരു തടവുകാരനെയും അതിന് ഉപയോഗിക്കാൻ പാടില്ല. അവർ സാക്ഷിയാകാനും പാടില്ല.
ശിക്ഷ നടപ്പാക്കി കഴിയുമ്ബോള്‍ മൃതദേഹം ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അവർ ആവശ്യപ്പെട്ടാല്‍ വിട്ടുനല്‍കണം. പ്രത്യേകമായ എന്തെങ്കിലും കാരണങ്ങള്‍ ഇല്ലെങ്കില്‍ മൃതദേഹം അവർക്ക് നല്‍കാതിരിക്കരുത്. വധശിക്ഷ നടപ്പാക്കാൻ തീരുമാനിക്കപ്പെട്ടിട്ടുള്ള തിയതിക്ക് ഒരു ദിവസം മുൻപ് തൂക്കുകയർ പരിശോധിക്കണം. തുടർന്ന് അത് പ്രത്യേക സുരക്ഷയില്‍ സൂക്ഷിക്കണം. ആളുടെ ഭാരം കണക്കാക്കി വേണം കയർ തിരഞ്ഞെടുക്കാൻ. പരുത്തി കൊണ്ടുള്ള വടമാണ് ഉപയോഗിക്കേണ്ടത്. 2.5 സെന്റിമീറ്റർ വ്യാസം ഉണ്ടായിരിക്കണം. ഇത്തരം മൂന്ന് വടങ്ങളെങ്കിലും ജയിലില്‍ സൂക്ഷിക്കണം.
- ശിക്ഷയ്ക്ക് വിധേയനാകുന്ന ആളിന്റെ ഭാരം 44 കിലോയില്‍ കുറവാണെങ്കില്‍ 1.98 മീറ്റർ നീളമുള്ള വടമാണ് ഉപയോഗിക്കേണ്ടത്.
- 57കിലോയില്‍ കുറവാണെങ്കില്‍ 1.83 മീറ്റർ നീളവും
- 70 കിലോയില്‍ താഴെ ആണെങ്കില്‍ 1.68 മീറ്റർ നീളമുള്ള വടവും
- 70 കിലോയ്ക്ക് മുകളില്‍ ആണ് ഭാരമെങ്കില്‍ 1.52 മീറ്റർ നീളമുള്ള വടവുമാണ് ഉപയോഗിക്കേണ്ടത് എന്ന് ജയില്‍ ചട്ടം കൃത്യമായി പറയുന്നു.
- തൂക്കുകയർ പരിശോധിക്കുമ്ബോള്‍ ആളിന്റെ ഭാരത്തിന്റെ ഒന്നര മടങ്ങു ഭാരം വടത്തിന്റെ ഒരറ്റത്തു കെട്ടിയും മറ്റേ അറ്റം തൂക്കുമരത്തിന്റ വിലങ്ങനെയുള്ള പടിയില്‍ കെട്ടിയുമാണ് ബല പരിശോധന നടത്തേണ്ടത്.
തടവുകാരനെ തൂക്കുമരത്തിലേക്കു കൊണ്ടുപോകും മുൻപ് വാറൻ്റ് വായിച്ചു കേള്‍പ്പിക്കണം എന്നാണ് നിയമം. ജയില്‍ സൂപ്രണ്ടാണ് ഇത് ചെയ്യേണ്ടത്. സൂപ്രണ്ട് ഇംഗ്ലീഷില്‍ ഉറക്കെ വായിക്കുന്ന മരണ വാറൻ്റ് ശിക്ഷക്ക് വിധിക്കപ്പെട്ട ആളിന് മനസിലാകുന്ന ഭാഷയില്‍ മൊഴിമാറ്റം നടത്തി കേള്‍പ്പിക്കണം.വധശിക്ഷ നടപ്പിലാക്കിയാല്‍ ഒരു മണിക്കൂർ നേരം ശരീരം മരത്തില്‍ തന്നെ തൂക്കി നിർത്തണം. തുടർന്ന് മെഡിക്കല്‍ ഓഫീസർ പരിശോധന നടത്തി മരണം ഉറപ്പുവരുത്തണം. ഇതിനുശേഷമേ താഴെ ഇറക്കാവൂ. ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ വധശിക്ഷക്കുള്ള വാറൻ്റ് പുറപ്പെടുവിച്ച കോടതിയിലേക്ക് വിശദ വിവരങ്ങള്‍ നല്‍കണം. ഇതിനായുള്ള പ്രത്യേക ഫോറം ജയില്‍ സൂപ്രണ്ട് പൂരിപ്പിച്ച് സമർപ്പിക്കണം.
കേരളത്തില്‍ തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയിലിലും കണ്ണൂർ സെൻട്രല്‍ ജയിലിലും മാത്രമാണ് വധശിക്ഷ നടക്കാനുള്ള സൗകര്യങ്ങള്‍ ഉള്ളത്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളിലാണ് നീതിന്യായപീഠം പ്രതിക്ക് തൂക്കുകയര്‍ വിധിക്കുന്നത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് തെളിവുകളിലൂടെ ബോധ്യമാകുന്ന ഘട്ടത്തിലാണ് വധശിക്ഷ നല്‍കുക. കേരളത്തില്‍ 39 പേരാണ് നിലവില്‍ വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നത്. ഇന്നത്തെ വിധിയോടെ ഗ്രീഷ്മ കൂടി പട്ടികയില്‍ ഇടം പിടിച്ചതോടെ വധശിക്ഷ ലഭിച്ച വനിതകളുടെ എണ്ണം 3 ആയി.
പ്രതികളെ കോടതികള്‍ വധശിക്ഷയ്ക്ക് വിധിക്കുമ്ബോഴും ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വമാണ്. തിരുവനന്തപുരത്തും കണ്ണൂരുമാണ് സെൻട്രല്‍ ജയിലുകളില്‍ കഴുമരമുളളത്. 34 കൊല്ലം മുന്‍പ് 1991ല്‍ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. പൂജപ്പുരയില്‍ അവസാനം കഴുവേറ്റിയത് 1974ല്‍ കളിയാക്കിവിള സ്വദേശി അഴകേശനേയും. മിക്കവാറും കേസുകളില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയാണ് പതിവ്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി വധശിക്ഷ ഒഴിവാക്കാനുളള നടപടികളും പ്രതിക്ക് സ്വീകരിക്കാന്‍ കഴിയും. നിര്‍ഭയ കേസില്‍ 2020ല്‍ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.

















