തെരഞ്ഞെടുപ്പു വര്‍ഷത്തിലെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും സാമ്ബത്തിക വര്‍ഷാവസാനം കടന്നുകൂടുന്നതിനും തലപുകച്ച്‌ സര്‍ക്കാര്‍.ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ ഇനി വെറും രണ്ടരമാസം മാത്രം ശേഷിക്കുന്ന സാമ്ബത്തികവര്‍ഷം എങ്ങനെ കടന്നുകൂടുമെന്ന ആശങ്കയിലാണ്‌ ധനവകുപ്പ്‌.

എന്നാല്‍ പദ്ധതി പ്രവര്‍ത്തനത്തിലെ മന്ദത സര്‍ക്കാരിനും ധനവകുപ്പിനും അല്‍പ്പം ആശ്വാസവും പകരുന്നുണ്ട്‌.സാമ്ബത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച്‌ മാസം അവസാനം സംസ്‌ഥാനത്തിന്‌ ബാധ്യതകള്‍ തീര്‍ക്കാര്‍ കുറഞ്ഞത്‌ 25,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. പൊതുഅക്കൗണ്ടിലെ കണക്കുകളില്‍ വ്യക്‌തതവരുത്തികൊണ്ടുള്ള കണക്കുകള്‍ക്ക്‌ സി.എ.ജി അംഗീകാരം നല്‍കിയ പശ്‌ചാത്തലത്തില്‍ കുറഞ്ഞത്‌ 12,000 കോടി രൂപയെങ്കിലും വായ്‌പയായി എടുക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു ധനവകുപ്പ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ അടിസ്‌ഥാനത്തില്‍ 17,000 കോടി രൂപയുടെ അവകാശം ഉന്നയിച്ചുവെങ്കിലും 8,000 കോടിക്ക്‌ മാത്രമാണ്‌ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളത്‌. ഇത്‌ സര്‍ക്കാരിനെ വല്ലാതെ വലയ്‌ക്കുന്നുണ്ട്‌. വീണ്ടും കേന്ദ്ര ധനമന്ത്രാലയത്തിനെ സമീപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചന നടക്കുന്നുണ്ട്‌. സാമ്ബത്തികവര്‍ഷത്തിന്റെ അവസാനം വലിയ ബാദ്ധ്യതകള്‍ വരുമെന്ന്‌ കണക്കാക്കുന്നുണ്ടെങ്കിലും പദ്ധതിപ്രവര്‍ത്തനത്തിലെ മെല്ലപ്പോക്ക്‌ സര്‍ക്കാരിന്‌ ആശ്വാസവും നല്‍കുന്നുണ്ട്‌. ജനുവരി പകുതിയായിട്ടും പദ്ധതി പ്രവര്‍ത്തനം ഇതുവരെ 50 ശതമാനം പോലും എത്തിയിട്ടില്ല.

42.26%ല്‍ തന്നെ നില്‍ക്കുകയാണ്‌. പദ്ധതിയുടെ അതിവേഗത്തിലുള്ള മുന്നോട്ടുപോക്കിന്‌ സര്‍ക്കാരും വലിയ താല്‍പര്യം കാട്ടുന്നില്ല. നേരത്തെ മുന്‍ഗണന മാറ്റുന്നതിന്റെ അടിസ്‌ഥാനത്തില്‍ പദ്ധതിയില്‍ പൊളിച്ചെഴുത്ത്‌ നടത്തിയിരുന്നു. അതോടൊപ്പം ഇപ്പോള്‍ പദ്ധതിപ്രവര്‍ത്തനത്തിന്റെ ഈ ഇഴച്ചില്‍ കൂടിയാകുമ്ബോള്‍ വലിയ ബാദ്ധ്യത സാമ്ബത്തികവര്‍ഷത്തിന്റെ അവസാനത്തില്‍ അഭിമുഖീകരിക്കേണ്ടിവരില്ലെന്ന്‌ ധനവകുപ്പ്‌ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

എന്നാല്‍ ഈ വര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനത്തേക്കാളേറെ സര്‍ക്കാരിനെ രാഷ്‌ട്രീയമായി വലയ്‌ക്കുന്നത്‌ വരാനിരിക്കുന്ന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ്‌. ഈ വര്‍ഷം അവസാനം മുതല്‍ സംസ്‌ഥാനം തെരഞ്ഞെടുപ്പുകളിലേക്ക്‌ നീങ്ങുകയാണ്‌. ഈ വര്‍ഷം അവസാനം തദ്ദേശതെരഞ്ഞെടുപ്പും അതിനുപിന്നാലെ അടുത്തവര്‍ഷം മാര്‍ച്ച്‌, ഏപ്രിലില്‍ നിയമസഭാതെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്‌. ഈ തെരഞ്ഞെടുപ്പുകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കുന്നതിന്‌ നാന്ദികുറിയ്‌ക്കേണ്ടത്‌ ഈ ഫെബ്രുവരി 7ന്‌ നിയമസഭയില അവതരിപ്പിക്കുന്ന ബജറ്റിലൂടെയാണ്‌.

സാമൂഹികക്ഷേമപെന്‍ഷനിലെ വര്‍ധനയുള്‍പ്പെടെ ഇക്കുറി ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ ഉണ്ടാകണമെന്ന ആവശ്യം ഇടതുമുന്നണിയിലെ ഘടകകക്ഷികളില്‍ നിന്നും സി.പി.എമ്മില്‍ നിന്നും ഉയരുന്നുണ്ട്‌. ആ പശ്‌ചാത്തലത്തില്‍ ബജറ്റ്‌ ജനപ്രിയമാക്കുകയെന്ന ബാദ്ധ്യതയാണ്‌ മന്ത്രി ബാലഗോപാലിന്‌ മുന്നിലുള്ളത്‌. എന്നാല്‍ കേന്ദ്രത്തിന്റെ നിലപാട്‌ അതിന്‌ തടസമാകുമോയെന്ന ആശങ്ക പൊതുവില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലുമുണ്ട്‌. അടുത്ത സാമ്ബത്തികവര്‍ഷത്തില്‍ ഏതുതരത്തിലുള്ള സാമ്ബത്തിക ഉപരോധമായിരിക്കും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയെന്നറിയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പുവര്‍ഷത്തിലേക്ക്‌ നീങ്ങുന്നതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ നിലപാട്‌ സംസ്‌ഥാനത്തിലെ വരിഞ്ഞുമുറുക്കുന്ന തരത്തിലുള്ളതായിരിക്കുമെന്നാണ്‌ പൊതുവിലെ കണക്കുകൂട്ടല്‍. അത്‌ മറികടക്കാനുള്ള കടുത്ത പരിശ്രമത്തിലാണ്‌ സി.പി.എമ്മും ഇടതുമുന്നണിയും ധനവകുപ്പും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക