മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുകയില്‍ പൊരുത്തക്കേട്. സിഎംആര്‍ഡിഎഫ് വെബ്സൈറ്റില്‍ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്ബോള്‍, വിവരാവകാശ രേഖയിലെ മറുപടിയില്‍ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.രണ്ട് കണക്കുകളും തമ്മില്‍ 108 കോടി രൂപയുടെ വ്യത്യാസമുണ്ട്.
2018ലെയും 2019ലെയും പ്രളയത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള തുക അനുവദിച്ചത് സംബന്ധിച്ച് വെബ്‌സൈറ്റില്‍ കാണിച്ച തുകയും വിവരാവകാശ രേഖ പ്രകാരമുള്ള തുകയും തമ്മിലാണ് വലിയ വ്യത്യാസം കണിക്കുന്നത്.
ഡിസംബർ 21ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പോർട്ടലില്‍ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പ്രളയത്തിന് അനുവദിച്ചത് 4738.77 കോടി രൂപയാണ്. അതേസമയം, റവന്യൂ വകുപ്പ്(ഡിആർഎഫ്‌എ) കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്ബൂതിരിക്ക് സെപ്തംബർ 28ന് നല്‍കിയ മറുപടിയില്‍ 4,630 കോടിയാണ് അനുവദിച്ചതെന്നും പറയുന്നുണ്ട്.
വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നതും വിവരാവകാശ രേഖയില്‍ പറയുന്നതും തമ്മില്‍ കോടികളുടെ വ്യത്യാസമുണ്ട്. ഇതില്‍ യഥാർഥത്തില്‍ ചെലവഴിച്ച തുക എത്രയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.






