
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ചർച്ചയാകുന്ന ഒരു പ്രധാന വിഷയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥനകളോട് ഒരു വിഭാഗം ആളുകൾ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്. സംഭാവനകൾ നേരിട്ട് കൈമാറണമെന്നും ഇല്ലെങ്കിൽ സർക്കാർ ദുരുപയോഗം ചെയ്യും എന്ന തരത്തിലുള്ള ആരോപണങ്ങളാണ് കമന്റുകൾ ആയി സമൂഹമാധ്യമ പോസ്റ്റുകൾക്ക് അടിയിൽ പ്രചരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി ന്യായീകരണങ്ങളും ഫീച്ചറുകളും പ്രമുഖ വാർത്ത മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ദുരിതാശ്വാസ നിധി വക മാറ്റി ചെലവഴിക്കാൻ സർക്കാരിന് കഴിയില്ല, നിയമം അതിന് അനുവദിക്കുന്നില്ല എന്നല്ലാം ഇതിൽ നിന്ന് വ്യക്തമാണ്. എങ്കിലും ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഇതുകൊണ്ട് വിലയിരുത്താൻ ആവില്ല. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിൽ സർക്കാർ സ്വജനപക്ഷ വാദം കാട്ടിയ നിരവധി സംഭവങ്ങൾ പിണറായി വിജയന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. ഉദാഹരണങ്ങൾ ചുവടെ വായിക്കാം.
അന്തരിച്ച ഇടത് ഘടകകക്ഷി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തിന് കൈമാറിയത് 25 ലക്ഷം രൂപ: ഇടതുപക്ഷത്തെ സരസനായ പ്രാസംഗികനും എൻസിപിയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു ഉഴവൂർ വിജയൻ. അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാട് ഏവരെയും ഞെട്ടിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പണം സമ്പാദിക്കാതിരുന്ന ഒരു മാതൃക പൊതുപ്രവർത്തകൻ കൂടിയായിരുന്നു ഉഴവൂർ വിജയൻ. അദ്ദേഹത്തിന്റെ വേർപാടിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 25 ലക്ഷം രൂപയാണ് മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുവദിച്ചത്.
ഉഴവൂർ വിജയന്റെ കുടുംബത്തിന് ധനസഹായം വേണമെന്നതിൽ തർക്കമില്ല, പക്ഷേ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയത് ധാർമികമായി ശരിയാണോ എന്ന് ചോദ്യമാണ് പ്രസക്തമാകുന്നത്. ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനും, ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പക്ഷപാതിത്വത്തിനും ഒരു ഉദാഹരണമാണ് ഈ സംഭവം എന്ന് പറയാതെ വയ്യ. ഭരണ മുന്നണിയിലെ പാർട്ടിക്ക് അതും മന്ത്രിയുള്ള പാർട്ടിക്ക് ഈ തുക സ്വന്തം നിലയിൽ കണ്ടെത്തി കുടുംബത്തിന് കൈമാറാൻ സാധിക്കുമായിരുന്നു.
അന്തരിച്ച സിപിഎം എംഎൽഎ രാമചന്ദ്രൻ നായരുടെ വാഹന, സ്വർണവായ്പകൾ തീർക്കാൻ 9 ലക്ഷം: സിപിഎം നേതാവും, 2016ലെ പൊതു തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് വിജയിച്ച എംഎൽഎയുമായ വ്യക്തിയാണ് രാമചന്ദ്രൻ നായർ. പിന്നീട് ഇദ്ദേഹം മരണപ്പെടുകയും ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ വിജയിക്കുകയും ചെയ്തു. ഭരണകക്ഷിയുടെ ഭാഗമായ സിപിഎമ്മിലെ പ്രമുഖ നേതാവിന്റെ ബാധ്യതകൾ തീർക്കാനായി അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തിന് അനുവദിച്ചത് ഒൻപതുലക്ഷം രൂപയാണ്. സ്വർണ്ണ വാഹന വായ്പകൾ തീർക്കാനായിരുന്നു പണം അനുവദിച്ചത്. സിപിഎം പോലൊരു ബഹുജന സംഘടനയ്ക്ക് സ്വന്തം നിലയിൽ 9 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഇതിനായി പണം വകയിരുത്തിയത്.
കോടിയേരിക്ക് എസ്കോർട്ട് പോയ പോലീസുകാരൻ, വാഹനാപകടത്തിൽ മരിച്ചപ്പോൾ നൽകിയത് 20 ലക്ഷം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് എസ്കോർട്ട് പോയ വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാരൻ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വിധവയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡ്യൂട്ടിയിലിരിക്കെ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് ധനസഹായം നൽകിയതല്ല മറിച്ച് ഡ്യൂട്ടിയിലിരിക്കുമ്പോൾ മരിക്കുന്ന എല്ലാ പോലീസുകാരുടെയും കുടുംബങ്ങൾക്ക് ഈ പരിഗണന ലഭിക്കുന്നുണ്ടോ എന്നതും ഇത്ര വലിയൊരു തുക ഇതിനായി നീക്കി വെക്കുമ്പോൾ ഇതിലും വലിയ ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ആളുകൾക്ക് ഇതിനോട് അടുപ്പിച്ച് തുക പോലും കൊടുക്കുന്നുണ്ടോ എന്നതുമാണ് ചോദ്യം.
ഇതുകൊണ്ടുതന്നെ പിണറായി സർക്കാർ ദുരിതാശ്വാസനിധിയിലേക്ക് പണം ചോദിക്കുമ്പോൾ ആളുകൾക്ക് സംശയമുണ്ടാവുക സ്വാഭാവികം. പലപ്പോഴും ദുരിതാശ്വാസനിധിയിൽ പണം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് അനർഹർക്ക് കൈമാറിയ സംഭവങ്ങളും പലവട്ടം പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിമർശനം ഉന്നയിക്കുന്നവരുടെ വാദങ്ങൾക്കും ന്യായീകരണം ഇല്ലാതില്ല.