വിയ്യൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് തടിലോറിയില്‍ ഇടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു.തൃശ്ശൂർ ഗവ.എൻജിനീയറിങ് കോളേജ് വിദ്യാർഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക് വീട്ടില്‍ അഖില്‍ താജുദീൻ (22) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ മേമന പനക്കവടക്കതില്‍ അറഫയില്‍ കുടുംബാംഗമാണ്.
വിയ്യൂർ പവർ ഹൗസ് ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.തൃശ്ശൂരില്‍ പോയി കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. അഖിലിന്റെ ബൈക്ക് ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് മറുവശത്തെ ട്രാക്കിലൂടെ പോകുകയായിരുന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലക്കേറ്റ പരിക്കാണ് മരണകാരണം. വിയ്യൂർ പോലീസ് സ്ഥലത്തെത്തി അപകടദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥിയാണ് അഖില്‍ താജുദീൻ.
പിതാവ്: എരുമേലി സ്വദേശി ഡോ. താജുദ്ദീൻ അഹമ്മദ് (കേപ് ഡയറക്ടർ). മാതാവ്: ഷൈനു (പ്രൊഫസർ, തൃശ്ശൂർ വെറ്ററിനറി കോളേജ്). സഹോദരൻ: നിഖില്‍ താജുദീൻ. കബറടക്കം ശനിയാഴ്ച രാവിലെ 10-ന് ഓച്ചിറ വടക്കേ ജുമാ മസ്ജിദ് കബർസ്ഥാനില്‍.












