ചോദ്യ പേപ്പർ ചോർച്ചയില്‍ ആരോപണവിധേയരായ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യ പേപ്പർ ചോർന്നതായി സംശയം.ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്.
ആകെ 40 മാർക്കിൻ്റ ചോദ്യങ്ങളില്‍ 32 മാർക്കിൻ്റ ചോദ്യങ്ങളും ഇന്നലെ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലില്‍ വന്നതായാണ് ആരോപണം. കെഎസ്‌യു ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേപടിയുള്ള ചോദ്യങ്ങള്‍ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലില്‍ വന്നിരിക്കുന്നത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് ലഭ്യമാക്കാൻ എംഎസ് സൊല്യൂഷൻസ് പണം ആവശ്യപ്പെടുന്നതായും കെഎസ്‌യു ആരോപിച്ചു. ഈ പണം ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് എംഎസ് സൊല്യൂഷൻസിന്റെ വാദം. എത്ര കുട്ടികള്‍ ഇത്തരത്തില്‍ പണം നല്‍കി ചോദ്യങ്ങള്‍ വാങ്ങി എന്നതടക്കം അന്വേഷണം നടക്കേണ്ടതുണ്ടെന്നും കെഎസ്‌യു പറയുന്നു.








