ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു. ആരോപണവിധേയരായ എം എസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.എം എസ് സൊല്യൂഷൻസിന്റെ ഓണ്‍ലൈൻ ക്ലാസുകളില്‍ പലപ്പോഴും അശ്ലീല പരാമർശങ്ങള്‍ ഉണ്ടാകാറുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ക്രിസ്തുമസ്- ഓണം പരീക്ഷകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്താനുള്ള നടപടികള്‍ യോഗത്തില്‍ ചർച്ച ചെയ്യും. സർക്കാർ സ്കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ നിർത്താൻ കർശന നടപടികള്‍ സ്വീകരിക്കും.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിന്റെ വീഡിയോ പരിശോധിച്ച ശേഷം അദ്ധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴിയെടുക്കും.
അതേസമയം, യൂട്യൂബ് ചാനല്‍ അവസാനിപ്പിക്കുന്നതായി എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് അറിയിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് ഷുഹൈബ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് നേരത്തെ പറഞ്ഞിരുന്നു.








