കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിവിധ പോഷക സംഘടനകളുടെ തലപ്പത്ത് അഴിച്ചുപണി. നാല് സംഘടനകളുടെ ചെയർമാൻമാരെയാണ് പുതിയതായി തലപ്പത്തേക്ക് കൊണ്ടുവന്നത്. ഇത് ആദ്യമായാണ് ഇത്രയും സംഘടനകളുടെ തലവന്മാരെ ഒരുമിച്ച് നിയമിക്കുന്നതും.
മൈനോറിറ്റി സെല്ലിന്റെ സംസ്ഥാന ചെയർമാനായി നിയമിതനായത് മുൻ മന്ത്രി ടി എച്ച് മുസ്തഫയുടെ മകനായ ടി.എം സക്കീർ ഹുസൈൻ ആണ്. കേരളത്തിന്റെ ചുമതലയുള്ള മൈനോരിറ്റി സെല്ലിന്റെ ദേശിയ വൈസ് ചെയർമാനും കർണാടക പിസിസി ജനറല്‍ സെക്രട്ടറിയുമായ ഡി കെ ബ്രിജേഷിന്റെ നിർദേശ പ്രകാരമാണ് സക്കീർ ഹുസൈൻ തലപ്പത്തേക്ക് വരുന്നത്. കേരളത്തിലെ മൈനോറിറ്റി സെല്‍ ഏറെ നാളായി നിർജീവമായ അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ച് സംഘടനയെ സജീവമാക്കുന്നതിന്റെ ഭാഗമായാണ് സക്കീർ ഹുസൈന്റെ നിയമനം.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ചെയർമാനായി ജി.ലീലാകൃഷ്ണനെ നിയമിച്ചു. മുനമ്ബവും മുതലപ്പൊഴിയും കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയിലെ ഇടപെടല്‍ ശക്തമാക്കാനുള്ള പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കലാണ് ലക്ഷ്യം. കിസാൻ കോണ്‍ഗ്രസ് (കർഷക കോണ്‍ഗ്രസ്) ചെയർമാനായി മജൂഷ് മാത്യൂസും നിയമിതനായി. കേരളത്തിലെ കാർഷിക മേഖലയിലെ പ്രതിസന്ധികള്‍ ഉയർത്തി കർഷകരെ ഒന്നിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങള്‍ മജൂഷ് ഏകോപിപ്പിക്കും. പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയർമാനായി രഞ്ജിത്ത് ബാലനും ചുമതലയേറ്റു. നാല് പേരെയും തെരഞ്ഞെടുത്ത തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ അംഗീകരിച്ചു.


















