പാലക്കാട് ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്ബോള്‍ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയർത്തി കാട്ടി പത്രപരസ്യം നല്‍കികൊണ്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തെ നേരിടാൻ തയാറായിരിക്കുന്നത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തില്‍ ഒരു പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഈ നീക്കം. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.

അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയല്‍ എന്ന് പറയുന്നത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വർഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

















