കോട്ടയം: താഴത്തങ്ങാടിയിൽ മത്സരവള്ളംകളിയുടെ ഫൈനൽ മത്സരം അച്ചായൻസ് ഗോൾഡ് ഉടമയും കുമരകം ബോട്ട് ക്ലബ് ക്യാപ്റ്റനുമായ ടോണി വർക്കിച്ചന്റെയും ടീമിന്റെയും പ്രതിഷേധത്തെ തുടർന്ന് മുടങ്ങി. ഫൈനൽ മുടക്കിയ സംഭവത്തിൽ സംഘാടകരായ ചാമ്പ്യൻസ് ബോട്ട് ലീഗ് കമ്മിറ്റിയുടെ ഭാഗത്തുനിന്ന് കടുത്ത നടപടികൾ കുമരകം ബോട്ട് ക്ലബ്ബിനെതിരെ ഉണ്ടായേക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഫൈനൽ മുടക്കിയത് ചുണ്ടൻവള്ളം ട്രാക്കിന് കുറുകെ ഇട്ട്; പ്രതിഷേധത്തിന് തിരി കൊളുത്തിയത് അച്ചായൻസ് ഉടമ ടോണി വർക്കിച്ചൻ
ഒന്നാം ഹീറ്റ്‌സിൽ മികച്ച സമയത്തിൽ വള്ളം തുഴഞ്ഞെത്തിയിട്ടും ഫൈനലിൽ എത്താനാവാതെ പോയതിൽ പ്രതിഷേധിച്ചാണ് അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ നയിക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളം മീനച്ചിലാറ്റിലെ ട്രോക്കിന് കുറുകെയിട്ട് പ്രതിഷേധിച്ചതും തുടർന്ന് ഫൈനൽ മുടങ്ങിയതും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ ചാമ്പ്യൻസ് ലീഗ് മത്സര വള്ളംകളിയുടെ ഭാഗമായി താഴത്തങ്ങാടി മത്സര വള്ളംകളി നടന്നത്. മന്ത്രി മുഹമ്മദ് റിയാസാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്.
ഇതിനു പിന്നാലെ ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സ് നടന്നു. ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സിൽ നടുഭാഗം ചുണ്ടനും, കുമരകം ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും പുന്നമട ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനുമാണ് മത്സരിച്ചത്. മറ്റ് രണ്ട് വള്ളങ്ങളെയും വള്ളപ്പാടുകൾ പിന്നിലാക്കിയാണ് ഹീറ്റ്‌സിൽ നടുഭാഗം വിജയിച്ചു കയറിയത്.
ഒന്നാം ഹീറ്റ്‌സ് നടക്കുമ്പോൾ കനത്ത മഴയും കാറ്റുമായിരുന്നു.ഈ മഴയിലും കാറ്റിലും വള്ളത്തിന് സ്വാഭാവിക വേഗം കൈവരിക്കാനായില്ലെന്ന് നടുഭാഗം തുഴഞ്ഞ കുമരകം ടൗൺബോട്ട് ക്ലബ് ഈ സമയം തന്നെ സി ബി എൽ കമ്മിറ്റിയെ അറിയിച്ചു. ഇതിന്റെ പേരിൽ തർക്കം ഉണ്ടാകുകയും വള്ളംകളി അൽപസമയം നിർത്തി വയ്ക്കുകയും ചെയ്തു.
പിന്നീട് മഴമാറി നിന്നപ്പോളാണ് രണ്ടും മൂന്നും ഹീറ്റ്‌സ് മത്സരങ്ങൾ നടന്നത്. ഈ മത്സരങ്ങളുടെ ഫലം വന്നപ്പോൾ നടുഭാഗം ചുണ്ടനേക്കാൾ കുറഞ്ഞ സമയത്ത് മൂന്നു വള്ളങ്ങൾ ഫിനിഷ് ചെയ്തിരുന്നു. ഇതോടെ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ഫൈനലിന് യോഗ്യത നേടാൻ സാധിച്ചില്ല.
ഇതോടെയാണ് അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചന്റെ നേതൃത്വത്തിൽ നടുഭാഗം ചുണ്ടൻ മീനച്ചിലാറിനു കുറുകെയിട്ട് കുമരകം ടൗൺ ബോട്ട് ക്ലബ് പ്രതിഷേധിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാകാതെയാണ് സിബിഎൽ കമ്മിറ്റി തീരുമാനം എടുത്തതെന്നായിരുന്നു ഇവരുടെ വാദം. ഒരു മണിക്കൂറോളം ട്രാക്കിന് കുറുകെ വള്ളം കിടന്നതോടെ മത്സരങ്ങൾ തടസപ്പെട്ടു. ഇതോടെ മത്സരങ്ങൾ റദ്ദ് ചെയ്യുന്നതായി സിബിഎൽ കമ്മിറ്റി പ്രഖ്യാപിച്ചു.
പിന്നാലെ മറ്റ് ചെറുവള്ളങ്ങളുടെ തുഴക്കാരും, ചുണ്ടൻവള്ളങ്ങളുടെ തുഴക്കാരും പ്രതിഷേധിച്ചു. ഇത് വലിയ സംഘർഷത്തിന് ഇടക്കായി.ഇതിന് ശേഷം ചേർന്ന സിബിഎല്ലിന്റെയും താഴത്തങ്ങാടി വള്ളംകളി കമ്മിറ്റിയുടെയും യോഗം നാളെ അന്തിമ തീരുമാനം എടുക്കാൻ നിശ്ചയിച്ചു. സംഘർഷത്തിന് ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ച കുമരകം ടൗൺ ബോട്ട് ക്ലബിനെ സിബിഎല്ലിൽ നിന്നും വിലക്കിയേക്കും. ഈ സാഹചര്യത്തിൽ നാളെ ചേരുന്ന സിബിഎൽ കമ്മിറ്റി നിർണായകമാകും.

















