മദ്യലഹരിയില്‍ പെട്രോള്‍ പമ്ബിന് തീവെയ്ക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. തീകൊളുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി ചിരാൻ, പമ്ബ് ജീവനക്കാരനായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.ഹൈദരാബാദിലെ നെച്ചാരത്തായിരുന്നു സംഭവം.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ലൈറ്ററുമായി പെട്രോള്‍ പമ്ബിലെത്തിയ ചിരാനോട് പമ്ബ് ജീവനക്കാരൻ തീകൊളുത്താൻ പോകുകയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഇയാള്‍ മറുപടി നല്‍കിയതോടെ ധൈര്യമുണ്ടെങ്കില്‍ കത്തിക്കൂവെന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ഇതോടെ മദ്യലഹരിയിലായ യുവാവ് ലൈറ്ററുമായി ജീവനക്കാരന്റ അടുത്തെത്തുകയും ലൈറ്റർ കത്തിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. പത്തോളം പേരാണ് സംഭവസമയത്ത് പമ്ബിലുണ്ടായിരുന്നത്. തീ ആളിപ്പടർന്നതോടെ എല്ലാവരും ഓടിമാറുകയായിരുന്നു. സംഭവത്തിനറെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പമ്ബ് ജീവനക്കാരനും പ്രതി ചിരാനും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ചിരാൻ മദ്യപിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.













