
കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും, പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രിയങ്ക ഗാന്ധി ആയതുകൊണ്ട് തന്നെ അവിടെ ഭൂരിപക്ഷം എത്ര ലഭിക്കും എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നൽകി പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പിൽ മഹാവിജയം ഉറപ്പാക്കാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
നിയമസഭാ മണ്ഡലങ്ങളിൽ പാലക്കാടും ചേലക്കരയും ആണ് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതിൽ പാലക്കാട് മണ്ഡലം കോൺഗ്രസ് ബിജെപി പോരാട്ടം നേർക്ക് നേർനടക്കുന്ന മണ്ഡലമാണ്. 2011ലും, 2016ലും, 2021ലും കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ചു കയറിയ മണ്ഡലത്തിൽ 2016ലും, 2021ലും രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 4000ത്തോളം വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയായ മെട്രോമാൻ ഇ ശ്രീധരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം രണ്ടാം സ്ഥാനത്ത് എത്തിയ ഈ ശ്രീധരനും മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎം സ്ഥാനാർത്ഥിയും തമ്മിലുള്ള വോട്ട് വ്യത്യാസം പതിനാലായിരം ആയിരുന്നു എന്നതാണ്.
2016ൽ ശോഭാസുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായ എപ്പോഴാണ് ആദ്യമായി ബിജെപിയുടെ രണ്ടാം സ്ഥാനം നേടുന്നത്. അന്ന് ശോഭയെക്കാൾ പതിനേഴായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്. ഷാഫിയുടെ അഭാവത്തിൽ ശോഭ സുരേന്ദ്രനെ മത്സര രംഗത്തിറക്കിയാൽ മണ്ഡലം പിടിക്കാം എന്ന പ്രതീക്ഷയാണ് ബിജെപി വെച്ച് പുലർത്തുന്നത്. പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആകും എന്ന് അനുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ രണ്ടാം സ്ഥാനം എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎമ്മിന് അത്ര എളുപ്പമല്ല എന്നത് മറ്റൊരു യാഥാർത്ഥ്യം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാമത്തെ മണ്ഡലം സിപിഎം കോട്ടയായ ചേലക്കരയാണ്. സംവരണ മണ്ഡലമായ ചേലക്കരയിൽ സിപിഎം ഇതുവരെ പരാജയപ്പെട്ടിട്ടില്ല. എന്നാൽ ഇത്തവണ മുൻ എംപി രമ്യ ഹരിദാസിനെ രംഗത്തിറക്കി ചരിത്രത്തിലാദ്യമായി മണ്ഡലം പിടിക്കാൻ എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ നാൽപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെരാധാകൃഷ്ണൻ ചേലക്കരയിൽ വിജയിച്ച് മന്ത്രിയായത്. എന്നാൽ 2016ൽ സിപിഎം സ്ഥാനാർഥി യു ആർ പ്രദീപ് കുമാർ കേവലം പതിനായിരം വോട്ടുകൾക്ക് മാത്രമാണ് ഇവിടെ വിജയിച്ചത്.
സിപിഎമ്മിനും ഇടതുമുന്നണിക്കും വേണ്ടി മുൻ എംഎൽഎ യു ആർ പ്രദീപ്കുമാർ തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രദീപ് കുമാറിൽ നിന്ന് മണ്ഡലം തിരികെ പിടിക്കുവാൻ രമ്യ ഹരിദാസിന് സാധിക്കും എന്ന് കോൺഗ്രസ് വിശ്വസിക്കുമ്പോൾ ചേലക്കര നഷ്ടപ്പെട്ടാൽ സംസ്ഥാനത്ത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ അടിത്തറ ഇളകുമെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് സിപിഎമ്മിനും പിണറായി വിജയനും ആണ്. ചേലക്കര ഏതുവിധേനയും നിലനിർത്തിയാൽ ഭരണവിരുദ്ധ വികാരം എന്ന പ്രതിപക്ഷ പ്രചാരണത്തെ അതിജീവിക്കാൻ സാധിക്കും എന്ന് കണക്കുകൂട്ടി ഭരണ സന്നാഹങ്ങൾ പരമാവധി മണ്ഡലത്തിൽ വിനിയോഗിച്ച് വിജയം ഉറപ്പിക്കാൻ തന്നെയാവും മുഖ്യമന്ത്രിയും പാർട്ടിയും ശ്രമിക്കുക. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിയും മണ്ഡലത്തിൽ ശക്തി വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയും ഒരു തീപ്പൊരി പോരാട്ടം തന്നെ നടക്കും എന്ന് നിസംശയം പറയാം.
ബിജെപിയെ സംബന്ധിച്ച് പാലക്കാട് സീറ്റിൽ വിജയവും വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനവും, ചേലക്കരയിൽ വോട്ട് ശതമാനത്തിൽ വർദ്ധനവും ആണ് അവരുടെ ലക്ഷ്യങ്ങൾ. പാലക്കാട് സീറ്റിൽ ശോഭാസുരേന്ദ്രന് ഒഴിവാക്കുവാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ് എന്ന് പറയാതിരിക്കാൻ വയ്യ. സംസ്ഥാന തലത്തിൽ സ്റ്റാർ വാല്യൂ കുറവാണെങ്കിലും പാലക്കാട് മണ്ഡലത്തെ സംബന്ധിച്ച് സുരേന്ദ്രൻ പക്ഷം ഉയർത്തി കാട്ടുന്ന സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ശക്തനായ സ്ഥാനാർത്ഥിയാണ്. നാട്ടുകാരൻ എന്ന മേന്മയും അദ്ദേഹത്തിന് ഇവിടെ പ്രയോജനം ചെയ്യും. എന്നാൽ സംസ്ഥാനതലത്തിൽ തന്നെ നിറഞ്ഞുനിൽക്കുന്ന യുവാവായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ സ്റ്റാർ വാല്യൂവും, മണ്ഡലത്തിൽ ഉടനീളം ഷാഫി പറമ്പിലിനുള്ള വ്യക്തി ബന്ധങ്ങളും ഷാഫിയുടെ സ്വന്തം സ്ഥാനാർഥി എന്ന ലേബലും യുഡിഎഫ് വിജയം ഉറപ്പിക്കും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. മണ്ഡലത്തിൽ തീരെ അപ്രസക്തരാകാതിരിക്കുവാനുള്ള നീക്കങ്ങൾ സിപിഎമ്മിൽ നിന്നും ഉണ്ടാവാൻ സാധ്യതയുണ്ട്.
യുഡിഎഫ് ചർച്ചയാക്കുക സിപിഎം – ആർഎസ്എസ് അന്തർധാര.
പൂരം കലക്കൽ വിവാദവും, എഡിജിപി ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയും കത്തിനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ യുഡിഎഫ് ചർച്ചയാക്കുക സിപിഎം – ആർഎസ്എസ് അന്തർധാര തന്നെയാവും. കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്തതും യുഡിഎഫിന് ഗുണമാണ്. വീണ വിജയന് എതിരെ മാസപ്പടി കേസിൽ കടുത്ത നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ അത് യുഡിഎഫ് രാഷ്ട്രീയ ആയുധവും ആക്കും. എന്തായാലും യുഡിഎഫിനും എൽഡിഎഫിനും ബിജെപിയും ഒരുപോലെ നിർണായകമാകുന്ന വിവിധ ഘടകങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഉണ്ട്. 2026 ലെ പൊതു തിരഞ്ഞെടുപ്പിൽ കേരളം ഭരിക്കുക ആരാകും എന്നതിന്റെ ചൂണ്ടുപലക കൂടിയായിരിക്കും നിയമസഭയിലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.